ന്യൂദല്‍ഹി: ആയുര്‍വേദത്തിന്റെ ആഗോളതലത്തിലുള്ള വ്യാപനത്തിനായി ആയുര്‍വേദ സംഘടനകളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ലോക ആയുര്‍വേദ ഫൗണ്ടേഷന്റെ
നേതൃത്വത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ ഈ സംഘടനയ്ക്ക് രൂപം നല്‍കുക. ഡെറാഡൂണില്‍ ചേര്‍ന്ന പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിലാണ് തീരുമാനം.
ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായി വിദേശപ്രതിനിധികള്‍ മാത്രമുള്ള അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം ചേര്‍ന്നിരുന്നു. 58 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേള്ളനത്തില്‍ 27 രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ തങ്ങളുടെ രാജ്യത്തെ ആയുര്‍വേദവുമായി ബന്ധപ്പെട്ട സ്ഥിതിവിവര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓസ്ട്രേലിയ, തായ്ലന്ഡ്, മൗറീഷ്യസ്, ലാത്വിയ, റഷ്യ തുടങ്ങി പത്ത് രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ആയുഷ് ചെയര്‍ പാനല്‍ ചര്‍ച്ചയുടെ ഭാഗമായി. ആയുര്‍വേദത്തിനായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച വിദേശപ്രതിനിധികള്‍ തങ്ങളുടെ രാജ്യങ്ങളില്‍ ആയുര്‍വേദത്തിന് കൂടുതല്‍ പ്രചാരവും അംഗീകാരവും ലഭിക്കുന്നതിന് വേണ്ട നടപടികള്‍ വിശദീകരിച്ചു. ആയുഷ് വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠം യൂറോപ്പ് ആയുര്‍വേദ അക്കാദമി അസോസിയേഷന് അംഗീകാരം നല്‍കുന്നതിനും പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസ് വേദിയായി. ഭാരതത്തിന് പുറത്തെ ഒരു ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന് രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠം ആദ്യമായാണ് അംഗീകാരം നല്‍കുന്നത്. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമന്, അഡീഷണല്‍ സെക്രട്ടറി ഡോ. വിജയകുമാര്‍ ജോഗ്ദന്ഡെ, വിജ്ഞാന്‍ഭാരതി ദേശീയ സഹ സംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ലോക ആയുര്‍വേദ ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്, സംഘാടക സമിതി ദേശീയ സെക്രട്ടറി ജനറല്‍ പ്രൊഫ. അനൂപ് താക്കര്‍, വിജ്ഞാന് ഭാരതി ഉത്തരാഖണ്ഡ് പ്രസിഡന്റ് ഡോ. കെ.ഡി. പുരോഹിത് എന്നിവര്‍ സംസാരിച്ചു. 58 രാജ്യങ്ങളില്‍ നിന്നുള്ള 352 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 10,321 പേരാണ് ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്തത്. വിജ്ഞാന് ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന് ആയുഷ് വകുപ്പ്, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: