Kerala

ഹവില്‍ദാര്‍ വിനീതിന്റെ അവസാന വാട്ട്‌സ്ആപ്പ് സന്ദേശം; ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം

Published by

മലപ്പുറം: ഡാ… ഈ കത്ത് സാറിനെ കാണിക്കണം, കൂടെയുള്ളവര്‍ക്ക് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം. ഓട്ടത്തിന്റെ സമയം ഒന്ന് കൂട്ടണം. എന്റെ ജീവന്‍ അതിനായി സമര്‍പ്പിക്കുന്നു. കഴിഞ്ഞ ദിവസം വെടിവെച്ച് ആത്മഹത്യ ചെയ്ത അരീക്കോട് സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ ഹവില്‍ദാര്‍ വിനീത്, സുഹൃത്തിന് അയച്ച അവസാന വാട്ട്‌സ്ആപ്പ് സന്ദേശമാണിത്.

ക്യാമ്പില്‍ അതിക്രൂരമായ പീഡനമെന്ന് തെളിയിക്കുന്നതായിരുന്നു വിനീതിന്റെ ആത്മഹത്യാ കുറിപ്പ്. സുഹൃത്തിന് അയച്ച വാട്ട്‌സ്ആപ്പ് മെസേജിലും മേലുദ്യോഗസ്ഥന്റെ മെമ്മോക്കുള്ള മറുപടിയിലും കൃത്യമായി ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. എസി അജിത് കുമാറിന്റെ പേരെടുത്ത് പറയുന്നുണ്ട്. ഗര്‍ഭിണിയായ ഭാര്യയുടെ പരിചരണത്തിന് അവധി ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. റിഫ്രഷര്‍ കോഴ്‌സില്‍ പരാജയപ്പെട്ടതിന് മെമ്മോ നല്‍കി. ക്യാമ്പിലെ ശുചിമുറി വൃത്തിയാക്കിച്ചു, ഗാര്‍ഡ് ഡ്യൂട്ടിയും നല്‍കി. 2011 മുതല്‍ സര്‍വീസിലുള്ള താന്‍ ഇന്നുവരെ സര്‍വീസില്‍ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയിട്ടില്ലെന്നും സൂചിപ്പിക്കുന്നു.

കടുത്ത പനിയും സര്‍ജറി ചെയ്തതിന്റെ ബുദ്ധിമുട്ടിലുമാണ് കോഴ്‌സിലെ ഓട്ടത്തില്‍ പരാജയപ്പെട്ടതെന്നും വിനീതിന്റെ മെമ്മോക്കുള്ള മറുപടിക്കത്തിലുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടും കടുത്ത നടപടികളുമായി മേലുദ്യോഗസ്ഥര്‍ മുന്നോട്ട് പോയതാണ് വിനീത് ആത്മഹത്യ ചെയ്യാന്‍ കാരണം. റിഫ്രഷര്‍ കോഴ്‌സില്‍ പരാജയപ്പെട്ടതോടെ ഒരു മാസത്തെ അതികഠിനമായ ശിക്ഷ നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു മേലുദ്യോഗസ്ഥര്‍. രാത്രി ഉറങ്ങാന്‍ പോലും കഴിയാത്ത പരിശീലനമായിരുന്നു ഇത്. ഇതോടെ വിനീത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by