തിരുവനന്തപുരം:
സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നു സംവിധായകൻ ജിതിൻ ഐസക് തോമസ്. ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു താൻ ആദ്യമായി സിനിമ സംവിധാനം ചെയ്തതെന്നും അറ്റൻഷൻ പ്ലീസ് മുതൽ പാത്ത് വരെയുള്ള നാലു സിനിമകളുടെ സംവിധായകനായ ജിതിൻ പറയുന്നു. ജിതിൻ സംവിധാനം ചെയ്ത പാത്ത് എന്ന സിനിമ 15ന് വൈകിട്ട് 6.15ന് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിച്ചു.
സമൂഹത്തിന്റെയും ലോകത്തിന്റെയും പ്രതിഫലനമാണു പാത്ത് എന്ന സിനിമയിലൂടെ ജിതിൻ ചിത്രീകരിച്ചത്. എല്ലാത്തിനും അവകാശം ഉന്നയിക്കുന്ന, ഞങ്ങളുടെ സ്വന്തമാണ് പലതുമെന്ന സമകാലിക ലോകത്തിന്റെ ചിന്തയാണ് സിനിമയുടെ അടിസ്ഥാനം. മോക്യുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയത്. വ്യത്യസ്തമായ കഥാസന്ദർഭവും അവതരണ ശൈലിയും കൊണ്ട് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമാണ് സിനിമ നൽകിയത്.
കൂട്ടുകാരുമായി ചേർന്നു പെട്ടെന്നൊരുക്കിയ ചിത്രമെന്നാണ് പാത്തിനെക്കുറിച്ച് സംവിധായകൻ പറയുന്നത്. പാത്തിലെ മുഖ്യ ഗാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എഐയുടെ കലാരംഗത്തുള്ള കടന്നുകയറ്റം ചർച്ച ചെയുന്ന സമയത്ത് സിനിമയുടെ ടൈറ്റിൽ കാർഡിൽ എഐക്ക് നന്ദി പറയുകയാണ് ജിതിൻ. സംവിധായകന്റെ പരിമിതികൾ കൂടി കാരണമാണ് എഐ ഉപയോഗിച്ചു ഗാനം ചിട്ടപ്പെടുത്തിയത്. ജിതിന്റെ വളർത്തു നായയായ മുരളിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പാത്തിന്റെ അടുത്ത് സ്‌ക്രീനിങ് 17നു 3.30നു ന്യൂ തിയേറ്ററിലും 19ന് ഉച്ചയ്‌ക്കു 12.15ന് അജന്ത തിയേറ്ററിലും പ്രദർശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: