പത്തനംതിട്ട: റാന്നി മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ചെതോങ്കര സ്വദേശി അമ്പാടി (24)യാണ് കൊല്ലപ്പെട്ടത്. റാന്നി ബിവറേജസിനു മുന്നിലുണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പ റഞ്ഞു. കൊലപാതകത്തിന് ശേഷം യുവാക്കൾ കാർ ഉപേക്ഷിച്ച് ഒളിവിൽ പോയി.
കഴിഞ്ഞദിവസം രാത്രിയിലാണ് ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ സംഘം ചേർന്ന് യുവാക്കൾ തർക്കത്തിലേർപ്പെട്ടത്. ഇത് പിന്നീട് അടിപിടിയിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് ബിവറേജൻസിനു മുന്നിൽ നിന്നും മടങ്ങിയ സംഘം രണ്ടു കാറുകളിലായി തിരിച്ചെത്തുകയും ഒരു കാറിൽ നിന്നും അമ്പാടി ഇറങ്ങിയപ്പോൾ എതിർ സംഘം കാർ കൊണ്ട് ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. പിന്നെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ ശേഷം കടന്നുകളയുകയായിരുന്നു.
അജോയ്, അരവിന്ദ്, ശ്രീക്കുട്ടൻ എന്നിവരാണ് സംഭവത്തിലെ പ്രതികൾ. ഇവർക്കായി അന്വേഷണം നടത്തുകയാണെന്ന് റാന്നി പോലീസ് അറിയിച്ചു. ആദ്യ ഘട്ടത്തിലെ വിവരമനുസരിച്ച് ഇതൊരു അപകട മരണമാണെന്നായിരുന്നു കരുതിയത്. എന്നാൽ കൂടുതൽ അന്വേഷണത്തിനൊടുവിലാണ് ബിവറേജസിന് മുന്നിൽ വഴക്കുണ്ടായതായും ഇതിന്റെ തുടർച്ചയായി ചിലർ വണ്ടി ഇടിപ്പിച്ചതാണ് എന്നുമുള്ള ദൃക്‌സാക്ഷി മൊഴി പോലീസിന് ലഭിക്കുന്നത്. ഇതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
പ്രതികൾ അമ്പാടിയ്‌ക്ക് പരിചയമുള്ളവർ തന്നെയാണെന്നും രാത്രി ഏറെ വൈകി നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതെന്നുമാണ് വിവരം. നടന്നത് ഗ്യാങ്‌വാറാണെന്നും ആദ്യം ബിവറേജസിന് പിന്നാലെ മടങ്ങിപ്പോയ യുവാക്കൾ പിന്നീട് രണ്ട് കാറിലായി മന്ദമരുതിയിലേക്ക് മടങ്ങിയെത്തിയെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: