കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ലൈംഗിക പീഡനം. സെമിനാറില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അതിക്രമം നടന്നത്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അദ്ധ്യാപകനാണ് ലൈംഗിക പീഡനത്തിന് ശ്രമിച്ചത്.
ഡിസംബര്‍ 5, 6 തീയതികളില്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സും കേന്ദ്ര സര്‍വകലാശാല കര്‍ണാടകയും സംയുക്തമായാണ് കുടിയേറ്റത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്. ഈ രണ്ട് സ്ഥാപനങ്ങളുമായി മെമ്മോ ഓഫ് അണ്ടര്‍ സ്റ്റാന്‍ഡിങ് വൈസ് ചാന്‍സലര്‍ മുഖാന്തരം ഒപ്പിട്ടിരുന്നു.
സെമിനാറില്‍ പങ്കെടുക്കാനായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കര്‍ണാടകയില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടിയെ സെമിനാര്‍ സംഘാടകന്‍ കൂടിയായ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അദ്ധ്യാപകനാണ് ലൈംഗികമായി ഉപദ്രവിച്ചത്. സെമിനാര്‍ കഴിഞ്ഞ് തിരിച്ചുപോയ വിദ്യാര്‍ത്ഥിനി പരാതി വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഈ മെയില്‍ വഴി അയച്ചു.
സെമിനാറിനുശേഷം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടം സന്ദര്‍ശിക്കാന്‍ എന്ന ഭാവേന വിദ്യാര്‍ത്ഥിനിയുമായി അദ്ധ്യാപകന്‍ എറണാകുളത്തേക്ക് പോയി. എറണാകുളത്ത് താമസിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിനിയെ കയറി പിടിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കര്‍ണാടകയും ഗൗരവമായിട്ടാണ് കാണുന്നത്. എന്നാല്‍ എംജി യൂണിവേഴ്‌സിറ്റി വിസിയും അദ്ധ്യാപകനും തമ്മിലുള്ള സൗഹൃദവും വിവിധ തരം പ്രോജക്ടുകളിലെ പങ്കാളിത്തവും മൂലം പരാതി ഒതുക്കിത്തീര്‍ക്കാനാണ് വൈസ് ചാന്‍സലറും രജിസ്ട്രാറും ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പരാതി ലഭിച്ചിട്ടുണ്ടെന്നും അത് സര്‍വകലാശാലയുടെ ഐ ടി ഇന്റേണല്‍ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിട്ടിരിക്കുകയാണെന്നും രജിസ്ട്രാര്‍ അറിയിച്ചു. ഇത്രയും ഗൗരവമുള്ള പരാതി ക്രിമിനല്‍ കുറ്റം എന്ന തരത്തില്‍ പോലീസിന് കൈമാറേണ്ടതിന് പകരം സര്‍വകലാശാലയുടെ പരാതി പരിഹാര സെല്ലിലേക്ക് ശിപാര്‍ശ ചെയ്തുകൊണ്ട് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷപവും ശക്തമാണ്. അദ്ധ്യാപകനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പരാതി പോലീസിന് കൈമാറി അടിയന്തരമായി നീതി നടപ്പാക്കണമെന്നാണ് വിദ്യാര്‍ത്ഥികളും മറ്റു വനിതാ സംഘടനാ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക