കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഇന്ന് നടക്കുന്ന ബംഗ്ലാദേശ് വിജയ് ദിവസ് ആഘോഷങ്ങളില്‍ ബംഗ്ലാദേശ് പ്രതിനിധികളും പങ്കെടുക്കും. ബംഗ്ലാദേശിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ബംഗ്ലാദേശി മുക്തി യോദ്ധക്കള്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും 10-12 പേരടങ്ങുന്ന ബംഗ്ലാദേശി മുക്തി യോദ്ധക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം. 1971 ഡിസംബര്‍ 16 നാണ് പാകിസ്ഥാന്‍ സൈന്യത്തെ ഭാരതത്തിന്റെ സൈനികര്‍ പരാജയപ്പെടുത്തി ബംഗ്ലാദേശ് രൂപീകൃതമാകുന്നത്. പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ നിര്‍ണായക വിജയത്തെ അനുസ്മരിക്കുന്നതിനാണ് എല്ലാവര്‍ഷവും ഡിസംബര്‍ 16 ബംഗ്ലാദേശ് വിജയ് ദിവസമായി ആഘോഷിക്കുന്നത്.
ബംഗ്ലാദേശി വിമോചന യുദ്ധത്തില്‍ 93,000 പാക് സൈനികരാണ് കീഴടങ്ങിയത്. യുദ്ധത്തില്‍ ഭാരത സേനയ്‌ക്കൊപ്പം പോരാടിയ ബംഗ്ലാദേശി ഗറില്ല പ്രതിരോധ സേനയായ മുക്തി ബാഹിനിയിലെ അംഗങ്ങളായ മുക്തി യോദ്ധകളെ ഭാരതം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ഇവര്‍ എല്ലാ വര്‍ഷവും പങ്കെടുക്കാറുമുണ്ട്. ഇത്തവണയും പതിവുമുടക്കാതെ അവര്‍ പങ്കെടുക്കാനെത്തുമെന്നതാണ് പ്രത്യേകത. ഭാരതസേനയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനമായ ഫോര്‍ട്ട് വില്യമിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
ഷെയ്ഖ് ഹസീന ഭരണത്തെ അട്ടിമറിച്ചശേഷം ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമമാണ് ബംഗ്ലാദേശില്‍ അരങ്ങേറുന്നത്. ഹിന്ദു ആചാര്യനായ ചിന്മയ് കൃഷ്ണദാസിനെയും മറ്റ് സംന്യാസിമാരെയും അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശ് സന്ദര്‍ശിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യുനസിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അക്രമങ്ങളില്‍ 88 കേസുകള്‍ എടുത്തതായും 70 പേരെ അറസ്റ്റ് ചെയ്തതായും ബംഗ്ലാദേശ് അറിയിച്ചിരുന്നു.
ഇതിനിടെ ഹിന്ദുക്കള്‍ക്കുനേരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച നാല് പേരെ കൂടി അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് അറിയിച്ചു. അലിം ഹുസൈന്‍ (19), സുല്‍ത്താന്‍ അഹമദ് രാജു (20), ഇമ്രാന്‍ ഹുസൈന്‍ (31), ഷാജഹാന്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക