ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആറാം പതിപ്പില്‍ മുംബൈ ക്രിക്കറ്റ് ടീം കിരീടം നേടി. ഫൈനലില്‍ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് രണ്ടാം തവണയും മുംബൈ ഭാരതത്തിന്റെ ആഭ്യന്തര കുട്ടിക്രിക്കറ്റ് ടൂര്‍ണമെന്റ് സ്വന്തമാക്കിയത്. മധ്യപ്രദേശിന്റെ കന്നികിരീടമെന്ന സ്വപ്‌നമാണ് ശ്രേയസ് അയ്യരും കൂട്ടരും ചേര്‍ന്ന് തട്ടിയെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 174 റണ്‍സ്. ഇതിനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നത് 13 പന്തുകള്‍ ബാക്കിയാക്കി.
മധ്യപ്രദേശിനായി ത്രിപുരേഷ് സിങ് എറിഞ്ഞ 18-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി മുംബൈ ബാറ്റര്‍ അഥര്‍വ അങ്കോലേക്കര്‍ ടീം സ്‌കോര്‍ 180ലേക്കെത്തിച്ചു. ഒപ്പമുണ്ടായിരുന്നത് സൂര്യാന്‍ഷ് ഷെഡ്‌ജെ. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ഫൈനലിലും നിര്‍ണായകമായി. 15 പന്തുകളില്‍ 36 റണ്‍സാണ് സൂര്യാന്‍ഷ് നേടിയത്. മത്സരത്തില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി ഓള്‍ റൗണ്ട് പ്രകടനമാണ് സൂര്യാന്‍ഷ് കാഴ്‌ച്ചവച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൈനലിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
മുംബൈയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നോക്കൗട്ട് മത്സരങ്ങളിലടക്കം വിവിധ കളികളില്‍ അത്യുഗ്രന്‍ ബാറ്റിങ് മികവ് കാഴ്‌ച്ചവച്ച അജിങ്ക്യ രഹാനെ മാന്‍ ഓഫ് ദി സീരീസ് ആയി. ഓപ്പണറായ രഹാനെ ഫൈനലിലും 30 പന്തുകളില്‍ 37 റണ്‍സുമായി തന്റെ റോള്‍ ഗംഭീരമാക്കിയാണ് ക്രീസ് വിട്ടുപോയത്.
ഫൈനലില്‍ ടോസ് നേടിയതും മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ആയിരുന്നു. എതിരാളികളെ ബാറ്റിങ്ങിന് വിട്ടു. മങ്ങിയ തുടക്കത്തില്‍ നിന്നും കരകയറിയ മധ്യപ്രദേശ് ഫൈനലിലും ക്യാപ്റ്റന്‍ രജത്ത് പട്ടീദാറിന്റെ തട്ടുപൊളിപ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് വെല്ലുവിളിക്കാവുന്ന സ്‌കോറില്‍ എത്തിചേര്‍ന്നത്. 40 പന്തുകള്‍ നേരിട്ട പട്ടീദാര്‍ 81 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മറ്റ് മധ്യപ്രദേശ് ബാറ്റര്‍മാരില്‍ മികച്ച റണ്‍നിരക്ക് നേടിക്കൊടുക്കാവുന്ന പ്രകടനം ആരും കാഴ്‌ച്ചവച്ചില്ല. മുംബൈയ്‌ക്കായി ഷര്‍ദൂല്‍ ഠാക്കൂറും റോയ്‌സ്റ്റണ്‍ ഡിയാസും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ രഹാനെ നല്‍കിയ തുടക്കം സൂര്യകുമാര്‍ യാദവ്(48) ഏറ്റെടുത്തു. ഒടുവില്‍ അഥര്‍വ അങ്കോലേക്കറും സൂര്യാന്‍ഷ് ഷെഡ്‌ജെയും ചേര്‍ന്ന് ഗംഭീരമായി ഫിനിഷ് ചെയ്തു. മധ്യപ്രദേശ് ബൗളര്‍ ത്രിപുരേഷ് സിങ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: