കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നാലെ എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതിനെതിരെ പരാതി. എഐവൈഎഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്നാണ് പരാതിയിലുളളത്.
കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായാണ് എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് പരാതി.
ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും ഇവ അപ്‌ലോഡ് ചെയ്തുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതില്‍ എഐവൈഎഫ് പരാതി നല്‍കി.
അതേസമയം, ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നു. ചോദ്യപേപ്പര്‍ തയാറാക്കുന്ന അധ്യാപകരും ട്യൂഷന്‍ സെന്ററുകളില്‍ ഇപ്പോഴും ക്ലാസെടുക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുമാണ് സംശയ നിഴലില്‍.സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.
ചാനലിന്റെ കൊടുവള്ളിയിലെ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഏതന്വേഷണവുമായും സഹകരിക്കുമെന്നാണ് സ്ഥാപനത്തിന്റെ സി ഇ ഒ ഷുഹൈബ് ഇന്നലെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയതെങ്കിലും ഇന്നലെ മുതല്‍ ഫോണില്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക