India

വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയില്‍ മാറ്റം വരുത്താനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

Published by

ന്യൂദല്‍ഹി: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2034 മുതൽ വരുമാന വിഹിതത്തിന്റെ 20% പങ്കുവയ്‌ക്കണമെന്നും കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹാരിസ് ബീരാൻ‌ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രതുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യസഭയെ അറിയിച്ചു.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്‌ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. തൂത്തുക്കുടി തുറമുഖത്തിന് വിജിഎഫ് ഗ്രാന്‍റായി നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വന്നതോടെയാണ് വിഴിഞ്ഞത്തിനും വിജിഎഫ് ഗ്രാന്‍റാ‌യി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതു നടക്കില്ലെന്നു കേന്ദ്രം പലവട്ടം വ്യക്തമാക്കിയതിനെ തുടർന്നാണ് നിർമല സീതാരാമന് മുഖ്യമന്ത്രി കത്തയച്ചത്.

കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. ഈ തുക ലഭിക്കണമെങ്കില്‍ വിജിഎഫ് കേരള സര്‍ക്കാര്‍ നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്‌ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by