Varadyam

ഇത് ഓര്‍മ്മപ്പെടുത്തലാണ്

Published by

ബംഗാള്‍ ഒന്നായാല്‍ പ്രശ്‌നം തീരുമെന്ന് ഢാക്കയുടെ തെരുവില്‍ നിന്ന് ഒരു മതഭീകരന്‍ പ്രസംഗിക്കുന്നു. ഈസ്റ്റും വെസ്റ്റുമായി നമ്മളെത്ര കാലം ഇങ്ങനെ നില്‍ക്കും എന്നായിരുന്നു അയാളുടെ ആര്‍ത്തി പിടിച്ച ചോദ്യം. അതിന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നല്കിയ ഒറ്റവരി മറുപടിയില്‍ എല്ലാമുണ്ട്. അതൊരു നല്ല നിര്‍ദേശമാണ് എന്നായിരുന്നു സുവേന്ദുവിന്റെ പ്രതികരണം. കാളീഘട്ടും ഢാക്കേശ്വരിയും രണ്ട് നാടിന്റെ സംസ്‌കൃതിയല്ലെന്ന ഉറച്ച ബോധ്യത്തിലാണ് ആ ഉത്തരം പിറന്നത്. ചരിത്രം മറന്നുപോയവരെ അത് ഓര്‍മ്മിപ്പിക്കുകയാണ് കാലം.

2024 ജൂലൈ 17 ബുധന്‍. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണപ്രശ്‌നത്തില്‍ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ ഢാക്ക സര്‍വകലാശാല അടച്ചിട്ടു. തൊട്ടുതലേന്ന് പ്രതിഷേധക്കാരായ ഛാത്ര ലീഗുകാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. ഢാക്ക സര്‍വകലാശാലയിലെ രാജു സ്മാരകത്തിലേക്കുള്ള തെരുവുകള്‍ ജൂലൈ കലാപത്തിന്റെ പ്രഭവകേന്ദ്രമായി. മൂന്നാഴ്ചയ്‌ക്കുള്ളില്‍, 650ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി, വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മറ പിടിച്ച് മതമൗലികവാദികള്‍ ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കി.

ഢാക്കയിലുദിച്ച വിപ്ലവം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശ് പിറവിയെടുക്കുന്നതിന് കാരണമായിത്തീര്‍ന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന് കാരണമായതും ഢാക്ക സര്‍വകലാശാലയിലേക്കുള്ള ഇതേ തെരുവുകളായിരുന്നു. 1947നും 1971നും ഇടയില്‍ പടിഞ്ഞാറന്‍ പാകിസ്ഥാന്റെ അധിനിവേശത്തിനും ചൂഷണത്തിനുമെതിരായ പ്രതിഷേധക്കൊടുങ്കാറ്റുകള്‍ ഉയര്‍ന്നതിവിടെയാണ്. പാകിസ്ഥാന്‍ രൂപംകൊള്ളുമ്പോള്‍ ജനങ്ങള്‍ ഭൂരിപക്ഷവും കിഴക്കും, സര്‍ക്കാരിലെയും സായുധസേനയിലെയും ഉന്നതര്‍ പടിഞ്ഞാറുമായിരുന്നു. വിഭജനം സൃഷ്ടിച്ച ഭക്ഷ്യപ്രതിസന്ധിയില്‍ കിഴക്കന്‍ പാകിസ്ഥാന്‍ പട്ടിണിയിലമര്‍ന്നു. പൂഴ്‌ത്തിവയ്പും വിലക്കയറ്റവും ഭീതിദമായി. പ്രശ്‌നം പരിഹരിക്കാന്‍ അധികാരം കേന്ദ്രീകരിച്ച പടിഞ്ഞാറന്‍ പാകിസ്ഥാന് ആയില്ല.

ഭാഷയായിരുന്നു അസംതൃപ്തിയുടെ മറ്റൊരു പ്രധാന കാരണം. ഢാക്ക സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മുഹമ്മദ് അബുല്‍ കാഷെം, ബംഗാളി ഭാഷയ്‌ക്കായി 1947 സപ്തംബര്‍ ഒന്നിന് തമദ്ദൂന്‍ മജ്ലിസ് എന്ന സംഘടന രൂപീകരിച്ചു. സപ്തംബര്‍ 15ന് ‘പാകിസ്ഥാന്‍ രാഷ്‌ട്ര ഭാഷ: ബംഗ്ലാ നാ ഉര്‍ദു?’ എന്ന പേരില്‍ ഒരു ചെറിയ ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ചു. ബംഗ്ലാ ഭരണഭാഷയാക്കണമെന്നായിരുന്നു ആവശ്യം. 1948 ജനുവരിയില്‍, ബംഗ്ലാ ഭാഷയ്‌ക്കുള്ള അവകാശത്തിനും സ്വയംഭരണത്തിനുമായി ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ ഢാക്ക സര്‍വകലാശാലയില്‍ ഈസ്റ്റ് പാകിസ്ഥാന്‍ മുസ്ലീം ഛാത്ര ലീഗ് സ്ഥാപിച്ചു. ബംഗ്ലാദേശിന്റെ പിറവിയിലേക്കുള്ള ആദ്യ വിത്തെറിയലായിരുന്നു ഇത്.

ഈ വാദങ്ങളെല്ലാം അവഗണിച്ച് 1952 ജനുവരിയില്‍ പ്രധാനമന്ത്രി ഖ്വാജ നസിമുദ്ദീന്‍ ഢാക്കയില്‍ വച്ചുതന്നെ ഉറുദു പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. ഉറുദു അക്ഷരമാല ഉപയോഗിച്ച് ബംഗാളി എഴുതുന്നതാവും നല്ലതെന്ന് നസിമുദീന്‍ പരിഹസിച്ചു. ഉറുദു ഉപയോഗിക്കുന്നത് രാഷ്‌ട്രീയ അടിമത്തത്തിന് തുല്യമാണെന്ന് ഢാക്ക സര്‍വകലാശാലയിലെ ബംഗാളി ഭാഷാ പണ്ഡിതന്‍ ഡോ. മുഹമ്മദ് ഷാഹിദുള്ള തിരിച്ചടിച്ചു. ജനുവരി 30ന് സര്‍വകലാശാലയിലെ രാഷ്‌ട്രഭാഷാ സംഗ്രാം പരിഷത്ത് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഫെബ്രുവരി നാലിന് പതിനായിരങ്ങള്‍ അണിനിരന്ന മഹാറാലിയില്‍ നഗരം നിശ്ചലമായി. പ്രക്ഷോഭം കത്തിപ്പടര്‍ന്നു. ഭരണകക്ഷിയായ മുസ്ലീം ലീഗ് ഒഴിച്ച് മിക്കവാറും എല്ലാ സംഘടനകളും ഒപ്പം നിന്നു. ഈസ്റ്റ് പാകിസ്ഥാന്‍ ഛാത്ര ലീഗ് മുന്നില്‍ നിന്ന് നയിച്ചു.

കനലടങ്ങാതെ കാമ്പസ്

കാമ്പസില്‍ എല്ലാ ദിവസവും പ്രതിഷേധങ്ങള്‍ നടന്നു. 1952 ഫെബ്രുവരി 21ന് ഒരു പ്രകടനത്തെ പോലീസ് കടന്നാക്രമിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കാലം കലണ്ടറില്‍ കാലങ്ങളോളം ആ ദിവസത്തെ എകുഷെ ഫെബ്രുവരി എന്ന് രേഖപ്പെടുത്തി. പ്രക്ഷോഭം കലാപമായി. കൊല്ലപ്പെട്ടവര്‍ ഷഹീദുകളായി. അവരുടെ ത്യാഗസ്മരണയ്‌ക്കായി സര്‍വകലാശാലയുടെ പ്രവേശന കവാടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഷഹീദ് സ്മാരകങ്ങള്‍ തീര്‍ത്തു. പോലീസ് അതെല്ലാം തകര്‍ത്തു. കാമ്പസിലുടനീളം നിരവധി ഷഹീദ് മിനാറുകള്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

കാമ്പസില്‍ ഇടിമുഴക്കങ്ങള്‍ തുടര്‍ച്ചയായി. ബംഗ്ലാ അസ്മിതയ്‌ക്ക് വേണ്ടി പൊരുതാനും മരിക്കാനും തയാറായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി. മുസ്ലീംലീഗിനെ ജനം വെറുത്തു. 1954ലെ തെരഞ്ഞെടുപ്പില്‍, കിഴക്കന്‍ പാകിസ്ഥാനില്‍ അവാമി മുസ്ലീം ലീഗ്, കൃഷക് പ്രജാ പാര്‍ട്ടി, ഗണതന്ത്ര ദള്‍, നിസാം-ഇ-ഇസ്ലാം എന്നിവ മുസ്ലീം ലീഗിനെതിരെ യുണൈറ്റഡ് ഫ്രണ്ട് എന്ന പേരില്‍ സഖ്യമുണ്ടാക്കി. വന്‍വിജയം നേടി, എന്നാല്‍ ഭരിക്കാന്‍ അവരെ അനുവദിച്ചില്ല. സര്‍ക്കാരിനെ പിരിച്ചുവിട്ടു.

1958ല്‍ പട്ടാള അട്ടിമറിയിലൂടെ ജനറല്‍ അയൂബ് ഖാന്‍ പാകിസ്ഥാനില്‍ അധികാരത്തിലെത്തി. ഇതോടെ കിഴക്കന്‍ പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികളും പടിഞ്ഞാറന്‍ പാകിസ്ഥാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. ജനാധിപത്യ മൂല്യങ്ങളത്രയും അയൂബ് ഖാന്‍ ചവിട്ടിയരച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലെ പ്രമുഖ നേതാക്കളെല്ലാം ജയിലിലായി. എല്ലാ പാര്‍ട്ടികളെയും നിരോധിച്ചു.

സായുധ സേനയിലെ ഉയര്‍ന്ന റാങ്കുകളില്‍ വെറും മൂന്ന് ശതമാനമാണ് കിഴക്കുള്ളവര്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഭരണം പൂര്‍ണമായും പടിഞ്ഞാറിന്റെ പിടിയിലായി. എന്നാല്‍ കാമ്പസുകളിലെ പോരാട്ടം അണയാന്‍ കൂട്ടാക്കിയതേയില്ല. കിഴക്കിനെ എല്ലാ അര്‍ത്ഥത്തിലും സമ്പത്തും അധികാരവും കൊണ്ട് പടിഞ്ഞാറന്‍ പാകിസ്ഥാന്‍ വരിഞ്ഞുമുറുക്കി. വിദ്യാഭ്യാസത്തിലും തൊഴിലിലും അവസരങ്ങള്‍ ഇല്ലാതായി. പട്ടിണിയും പരാധീനതയും ബാക്കിയായി.

1962 ജനുവരിയില്‍ അയൂബ് ഖാന്‍ പുതിയ ഭരണഘടന നടപ്പാക്കാന്‍ നീക്കമാരംഭിച്ചു. ഈ നീക്കത്തെ എതിര്‍ത്ത ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദി ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളെയും ജയിലിലടച്ചു. 1962 ഫെബ്രുവരിയില്‍ കാമ്പസുകളില്‍ വീണ്ടും പ്രക്ഷോഭക്കനലാളി. സുഹ്റവര്‍ദിയുടെ അറസ്റ്റ് ആയുധമാക്കി വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ നിന്ന് പുറത്തേക്ക് മാര്‍ച്ച് ചെയ്തു. വിശാലമായ ജനക്കൂട്ടം അതിനൊപ്പം ചേര്‍ന്നു. പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചു. സുഹ്റവര്‍ദിയും അറസ്റ്റിലായ വിദ്യാര്‍ത്ഥികളും സപ്തംബറില്‍ മോചിതരാകുന്നതുവരെ വിദ്യാര്‍ത്ഥി പ്രതിഷേധം തുടര്‍ന്നു. സുഹ്‌റവര്‍ദിയുടെ മോചനം സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ വിജയമാണെന്ന് പ്രഖ്യാപിച്ച് 1962 സപ്തംബര്‍ 17ന് സെക്രട്ടേറിയറ്റിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. അതിക്രൂരമായാണ് മാര്‍ച്ചിനെ ഭരണകൂടം നേരിട്ടത്. വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സുഹ്റവര്‍ദിയും മുജീബുര്‍ റഹ്മാനും ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. അടങ്ങാത്ത പ്രതിഷേധവും ഏറുന്ന പിന്തുണയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ ഉപേക്ഷിക്കാന്‍ അയൂബ് ഖാനെ നിര്‍ബന്ധിതനാക്കി, പിന്നാലെ അവര്‍ക്ക് പട്ടാള നിയമം പിന്‍വലിക്കേണ്ടി വന്നു.

സമരവും കലാപവും

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ കരുത്ത് മനസിലാക്കിയ മുജീബുര്‍ റഹ്മാന്‍ അവരെ അവാമിലീഗിന്റെ മുന്‍നിരയിലണി നിരത്തി. 1965ലെ ഭാരത-പാക് യുദ്ധം അയൂബ് ഭരണകൂടവും കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങളും തമ്മിലുള്ള അകലം കൂട്ടി. യുദ്ധം അനാവശ്യമാണെന്ന് കിഴക്കന്‍ പാകിസ്ഥാന്‍ അഭിപ്രായപ്പെട്ടു, യുദ്ധവും താഷ്‌കന്റ് കരാറും അയൂബ് ഖാനെതിരായ അവാമിലീഗിന്റെ ആയുധങ്ങളായി.

1966ല്‍ മുജീബുര്‍ റഹ്മാന്‍ സിക്സ് പോയിന്റ് മൂവ്മെന്റുമായി രംഗത്തെത്തി. പ്രാദേശിക സ്വയംഭരണം ആവശ്യപ്പെട്ടു. ഢാക്ക സര്‍വകലാശാലയില്‍ നിന്നാണ് ആ മൂവ്‌മെന്റും ഉയര്‍ന്നുവന്നത്. കിഴക്കന്‍ പാകിസ്ഥാനെ ചൂഷണം ചെയ്യുന്നത് കൊളോണിയലിസമാണെന്ന വാദമുയര്‍ത്തി ഛാത്ര ലീഗ് സമരത്തിനിറങ്ങി. ഇത് രണ്ടാം ഭാഷാ വിപ്ലവമായി മാറി. ബംഗാളി ഭാഷയോടുള്ള പാക്‌സര്‍ക്കാരിന്റെ അനാദരവിനെക്കുറിച്ച് സിക്സ് പോയിന്റ് മൂവ്മെന്റ് ഓര്‍മിപ്പിച്ചു. മുന്നേറ്റം നിഷ്പക്ഷ വിദ്യാര്‍ത്ഥികളെയും സ്വാധീനിച്ചു. അറസ്റ്റായിരുന്നു സര്‍ക്കാരിന്റെ പ്രതിരോധം. പാകിസ്ഥാനെതിരെ അഗര്‍ത്തലയില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 1968ല്‍ മുജീബുര്‍ റഹ്മാനെതിരെ കേസെടുത്തു.

1969 ജനുവരിയില്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ ഢാക്ക പല ദിവസങ്ങളിലും സ്തംഭിച്ചു. സമരത്തിനിടെ ഢാക്ക സര്‍വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥിയായ അസദ് ഉസ് സമാന്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടു. ഇത് പ്രക്ഷോഭത്തീ ആളിക്കത്തിച്ചു. 1969 മാര്‍ച്ചില്‍ ജനറല്‍ അയൂബ് ഖാന്റെ പതനത്തിനും മുജീബുര്‍ റഹ്മാന്റെ ജയില്‍ മോചനത്തിനും പ്രക്ഷോഭം കാരണമായി. അയൂബ് ഖാന് പകരം ജനറല്‍ യാഹ്യാ ഖാന്‍ വന്നു. അയാള്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി. പ്രസിഡന്റ് യാഹ്യാ ഖാനെന്ന് സ്വയം വിശേഷിപ്പിച്ച അയാള്‍ക്കെതിരെയും പ്രതിഷേധം തുടര്‍ന്നു.

1970 അവസാനത്തോടെ പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ യാഹ്യാ ഖാന്‍ തീരുമാനിച്ചു. മുജീബുര്‍ റഹ്മാനും അവാമി ലീഗിനുമൊപ്പം വിദ്യാര്‍ത്ഥി സംഘടനകള്‍ അണിനിരന്നു. സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കീഴില്‍ രംഗത്തുവന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് യാഹ്യാ ഖാന്‍ പിന്തുണ നല്‍കി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, നവംബര്‍ 12ന് കിഴക്കന്‍ പാകിസ്ഥാനില്‍ മാരകമായ ഭോല ചുഴലിക്കാറ്റുണ്ടായി. അഞ്ച് ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ നിരാലംബരായി. എന്നിട്ടും പാക് ഭരണകൂടം ക്രൂരമായ നിസംഗത പാലിച്ചു. ജനങ്ങളുടെ പ്രതിഷേധം വോട്ടായപ്പോള്‍ 1970 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് വന്‍ വിജയം നേടി. ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടി 167 സീറ്റ് നേടി. എന്നിട്ടും യാഹ്യാ ഖാനും ഭൂട്ടോയും തോല്‍വി അംഗീകരിച്ചില്ല, അസംബ്ലി വിളിക്കുന്നത് അനിശ്ചിതകാലത്തേക്ക് അവര്‍ മാറ്റിവച്ചു.

എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഇതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, ആറ് പേര്‍ മരിച്ചു. പ്രവിശ്യാ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാര്‍ച്ച് 6ന് പ്രക്ഷോഭകര്‍ മുജീബുര്‍ റഹ്മാനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് ഏഴിന്, റാംന റേസ് കോഴ്സില്‍ മൂന്ന് ലക്ഷത്തോളം ജനങ്ങള്‍ക്ക് മുന്നില്‍ മുജീബുര്‍ റഹ്മാന്‍, എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു.

മാര്‍ച്ച് 25ന് കിഴക്കന്‍ പാകിസ്ഥാനെ അടിച്ചമര്‍ത്താന്‍ യാഹ്യ ഖാന്‍ സൈനിക നടപടി സ്വീകരിച്ചു. പാക്കിസ്ഥാന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് കമാന്‍ഡറായ ലെഫ്റ്റനന്റ് ജനറല്‍ ടിക്ക ഖാന്‍ ആ രാത്രിയില്‍ ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ് ആരംഭിച്ചു. അയാള്‍ കശാപ്പുകാരനായി. മണിക്കൂറുകള്‍ക്കുള്ളില്‍ അവാമി ലീഗിനെ നിരോധിച്ചു. മുജീബുര്‍ റഹ്മാന്‍ അടക്കമുള്ളവര്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായി. ടാങ്കുകളും റോക്കറ്റുകളുമായി അവര്‍ സ്വന്തം നാട്ടുകാര്‍ക്കെതിരെ യുദ്ധം ചെയ്തു.

ഢാക്ക സര്‍വകലാശാലയില്‍ കടന്നുകയറിയ പട്ടാളം തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു. ജഗന്നാഥ് ഹാളിന്റെയും ഇഖ്ബാല്‍ ഹാളിന്റെയും പരിസരം ചോരക്കളമായി. കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. പ്രൊഫസര്‍മാരെ നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു. ഹാളിന് പട്ടാളം തീയിട്ടു. ഢാക്കയില്‍ മാത്രം ആറായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു.

ഭാരതവിജയം

എട്ട് മാസവും മൂന്നാഴ്ചയും തുടര്‍ന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ തുടക്കമായിരുന്നു ഇത്. പാക് സൈന്യത്തിന്റെ അക്രമങ്ങള്‍ വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമായി. ദശലക്ഷക്കണക്കിനാളുകള്‍ ഭാരതത്തിലേക്ക് പലായനം ചെയ്തു. ദിനംപ്രതി 50,000 പേര്‍. പോരാളികളെ സഹായിക്കാന്‍ ഭാരതം തീരുമാനിച്ചു. പാക് സൈന്യത്തിനെതിരെ ഗറില്ലാ യുദ്ധത്തിന് വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും പരിശീലിപ്പിക്കുന്നതിന് നമ്മുടെ അതിര്‍ത്തിക്ക് സമീപം ക്യാമ്പുകള്‍ സ്ഥാപിച്ചു. റോ മേധാവിയായ രാമേശ്വര്‍ നാഥ് കാവ് കിഴക്കന്‍ പാകിസ്ഥാനിലുടനീളം ഈ പ്രശ്‌നകാലത്തത്രയും യാത്ര ചെയ്തു. ജനങ്ങളെ അണിനിരത്തി ബംഗ്ലാദേശ് മുക്തിബാഹിനി രൂപീകരിച്ചു. അവര്‍ക്ക് നമ്മുടെ അതിര്‍ത്തി ബാരക്കുകള്‍ തുറന്നുനല്‍കി.

1971 ഡിസംബര്‍ മൂന്നിന് പാകിസ്ഥാന്‍ ആ വങ്കത്തം കാട്ടി. ഓപ്പറേഷന്‍ ചെങ്കിസ് ഖാന്‍ എന്നപേരില്‍ നമ്മുടെ എയര്‍ഫീല്‍ഡുകളില്‍ അവര്‍ വ്യോമാക്രമണം നടത്തി. തിരിച്ചടി അതിവേഗമായിരുന്നു. വെറും 13 ദിവസത്തിനകം കാര്യങ്ങള്‍ക്ക് നമ്മുടെ സൈന്യം തീരുമാനമുണ്ടാക്കി. ഡിസംബര്‍ മൂന്ന് മുതല്‍ 16 വരെ. പാകിസ്ഥാന്‍ നിലം പരിശായി. അത്രകാലം ഒരുക്കൂട്ടിയ അവരുടെ ശേഷിയത്രയും ഭാരതത്തിന്റെ പ്രഹരത്തില്‍ തകര്‍ന്നടിഞ്ഞു. കിഴക്ക് തകര്‍ന്നപ്പോള്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ രാജസ്ഥാനിലെ ഗംഗാനഗറില്‍ 40 ടാങ്കുകളുമായി കടന്നാക്രമിച്ച് അതിബുദ്ധികാട്ടിയ മൂവായിരത്തോളം വരുന്ന പാക് പടയെ ലോംഗെവാല പോസ്റ്റില്‍ മേജര്‍ കുല്‍ദീപ് സിങ് ചാന്ദ്പുരിയുടെ നേതൃത്വത്തില്‍ പഞ്ചാബ് റജിമന്റിലെ നമ്മുടെ നൂറ് സൈനികര്‍ തവിടുപൊടിയാക്കിയത് ആ യുദ്ധത്തിലെ വിസ്മയകരമായ ചരിത്രമായി.

ഡിസംബര്‍ 6ന് ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാഷ്‌ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കീഴടങ്ങിയില്ലെങ്കില്‍ തുടച്ചുനീക്കുമെന്ന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നല്കി. 1971 ഡിസംബര്‍ 16ന് പാകിസ്ഥാന്‍ നിരുപാധികം കീഴടങ്ങി. പാക് സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന്‍ നിയാസി 93,000ത്തിലധികം സൈനികരുമൊത്ത് നിരുപാധികം കീഴടങ്ങി. ലെഫ്റ്റനന്റ് ജനറല്‍ ജഗ്ജിത് സിങ് അറോറയ്‌ക്ക് മുന്നില്‍ നിയാസി കീഴടങ്ങല്‍ കരാര്‍ ഒപ്പുവച്ചു. ലോക ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച യുദ്ധങ്ങളിലൊന്ന്.
കിഴക്കന്‍ പാകിസ്ഥാനിലെ ബംഗാളി വംശഹത്യയുടെ അവസാനവും ബംഗ്ലാദേശ് എന്ന പുതിയ രാഷ്‌ട്രത്തിന്റെ പിറവിയും അത് അടയാളപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ കാമ്പസുകളിലേക്ക് മടങ്ങി. യുദ്ധത്തിലുടനീളം പ്രതിരോധത്തിന്റെ ആത്മാവായി മാറിയ ഢാക്ക സര്‍വകലാശാല വിജയത്തിന്റെ പ്രതീകമായി. അവര്‍ റൈഫിളുകള്‍ ഉയര്‍ത്തി വിജയാഹ്ലാദത്തോടെ ഷഹീദ് മിനാറില്‍ ഒത്തുകൂടി. ചെറുത്തുനില്‍പ്പിന്റെ ദീപശിഖാവാഹകരായും ഒരു പുതിയ രാഷ്‌ട്രത്തിന്റെ ശില്പികളായും ആ ചെറുപ്പക്കാര്‍ മാറി. ആ കാലം ഓര്‍മ്മപ്പെടുത്തലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by