World

ഐക്യരാഷ്‌ട്രസഭയില്‍ വിവേകാനന്ദ പ്രദര്‍ശിനിയുമായി എച്ച്എസ്എസ്

Published by

ന്യൂയോര്‍ക്ക്: സ്വാമി വിവേകാനന്ദന്‍ ലോകമാകെ സൃഷ്ടിച്ച സ്വാധീനം അടയാളപ്പെടുത്തി ഐക്യരാഷ്‌ട്രസഭയില്‍ പ്രദര്‍ശനം. യുഎന്‍ സ്റ്റാഫ് റിക്രിയേഷന്‍ കൗണ്‍സിലിന്റെ (യുഎന്‍എസ്ആര്‍സി) ഘടകമായ സൊസൈറ്റി ഫോര്‍ എന്‍ലൈറ്റന്‍മെന്റ് ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (എസ്ഇഎടി-സീറ്റ്) സംഘടിപ്പിച്ച പരിപാടിയിലാണ് ഹിന്ദു സ്വയംസേവക് സംഘ് (എച്ച്എസ്എസ്) രൂപകല്പന ചെയ്ത പ്രദര്‍ശിനി ശ്രദ്ധേയമായത്.

ഒരുമാസം തുടരുന്ന പ്രദര്‍ശിനി ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി റസിഡന്റ് മിനിസ്റ്റര്‍ സ്വാമി സര്‍വപ്രിയാനന്ദ് ഉദ്ഘാടനം ചെയ്തു. കാലം കടന്നുപോകുംതോറും സ്വാമി വിവേകാനന്ദന്റെ വാക്കുകളുടെ കരുത്തേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ജീവിത കാഴ്ചപ്പാടുകള്‍ക്കിടയില്‍ ഏകാത്മകതയുടെ ധാരണ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1893ല്‍ ചിക്കാഗോയിലെ ലോകമത പാര്‍ലമെന്റിലേക്ക് അദ്ദേഹം യാത്ര ചെയ്തത് പ്രപഞ്ചത്തിന്റെ ഇരുദിക്കുകള്‍ക്കുമിടയില്‍ സൃഷ്ടിച്ച ആദ്ധ്യാത്മികതയുടെ പാലത്തിലൂടെയാണ്. ആ പാലം ഇന്നും ശക്തവും ഊര്‍ജ്ജസ്വലവുമാണ്, സ്വാമി സര്‍വപ്രിയാനന്ദ് പറഞ്ഞു. ഹിന്ദു ദര്‍ശനം ഉയര്‍ത്തുന്ന വിശ്വമാനവികതയ്‌ക്ക് യുഎന്നില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് ന്യൂയോര്‍ക്കിലെ ഭാരത കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ പറഞ്ഞു.

യുഎന്‍എസ്ആര്‍സി പ്രസിഡന്റ് പീറ്റര്‍ ഡോക്കിന്‍സ്, എച്ച്എസ്എസ് ഔട്ട്‌റീച്ച് കോഓര്‍ഡിനേറ്റര്‍ ഗണേഷ് രാമകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by