ന്യൂദല്‍ഹി: അര്‍ഹതപ്പെട്ട ജനതയ്‌ക്ക് സംവരണം ഉറപ്പാക്കുമെന്നും മതസംവരണം തടയുമെന്നും അടക്കം പതിനൊന്ന് പ്രതിജ്ഞകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി. ലോക്സഭയില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ഭരണഘടനാ ചര്‍ച്ച അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു മോദി.
സര്‍ക്കാരും പൗരന്മാരും അവരുടെ കടമകള്‍ പൂര്‍ണമായും നിര്‍വഹിക്കണം, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം, അഴിമതിക്കെതിരെ സന്ധിയില്ലാപോരാട്ടം, നിയമങ്ങളെ പൂര്‍ണമായും അംഗീകരിക്കുക, കൊളോണിയല്‍കാല ചിന്തകളില്‍ നിന്നുള്ള മോചനവും സമ്പന്നമായ പൈതൃകത്തിലും സംസ്‌ക്കാരത്തിലുമുള്ള അഭിമാനവും, രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യത്തില്‍ നിന്ന് മോചനം, ഭരണഘടനയെ ബഹുമാനിക്കുകയും രാഷ്‌ട്രീയ അവസരവാദത്തിന് ഭരണഘടനയെ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക, നാരീകേന്ദ്രീകൃത വികസനം, പ്രാദേശികവാദത്തേക്കാള്‍ രാഷ്‌ട്രത്തിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പത്തിനായി പ്രവര്‍ത്തിക്കുക എന്നീ പ്രതിജ്ഞകള്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ ഭാരതം വികസിത രാജ്യമായി മാറുന്നതിന് ഇത് ഓരോരുത്തരും ജീവിതത്തില്‍ പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നതാണ് കര്‍ത്തവ്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിന് വലിയ വിഘാതമായിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് എന്‍ഡിഎ സര്‍ക്കാരാണ്. 1996ല്‍ അധികാരത്തിലെത്തിയിട്ടും ഭരണഘടനയെ ബഹുമാനിക്കുന്നതിനാലാണ് കുതിരക്കച്ചവടത്തിന് തയാറാവാതിരുന്നത്. 1999ലും വാജ്പേയി സര്‍ക്കാര്‍ അതു തന്നെ പാലിച്ചു. അട്ടിമറിക്ക് തയാറാവാതെ ഒരു വോട്ടിന് പരാജയപ്പെടാനാണ് വാജ്പേയി തീരുമാനിച്ചത്. ബിജെപി അധികാരത്തിലിരുന്നപ്പോള്‍ ഭരണഘടനാ ഭേദഗതികള്‍ നടപ്പാക്കിയത് രാജ്യത്തിന്റെ ഏകതയ്‌ക്ക് വേണ്ടിയുള്ള നിയമ നിര്‍മാണങ്ങളായിരുന്നുവെന്നും മോദി ഓര്‍മ്മിപ്പിച്ചു. ഒബിസി കമ്മിഷന് ഭരണഘടനാ പദവി നല്‍കാനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനും വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കാനുമുള്ള ഭേദഗതികളായിരുന്നു അവ.
ഒരു രാഷ്‌ട്രം ഒരു നികുതി എന്നത് നടപ്പാക്കിയ സര്‍ക്കാരാണിത്. രാജ്യത്തെവിടെ നിന്നും റേഷന്‍ ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഒരു രാഷ്‌ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി. ആയുഷ്മാന്‍ ഭാരത് യോജന വഴി ഒരു രാഷ്‌ട്രം ഒരു ആരോഗ്യകാര്‍ഡ് നടപ്പാക്കി എവിടെയും ചികിത്സ ലഭ്യമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും വൈദ്യുതി കൃത്യമായി ലഭ്യമാക്കാന്‍ ഒരു രാഷ്‌ട്രം ഒരു വൈദ്യുതി ഗ്രിഡ് നടപ്പാക്കി. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമടക്കം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തിച്ചു. ഡിജിറ്റല്‍ വിപ്ലവം നടപ്പാക്കാന്‍ എല്ലാ ഗ്രാമങ്ങളിലും ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളെത്തിച്ചു. മാതൃഭാഷയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കി.
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതം ഉയരുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകും എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി 140 കോടി ഭാരതീയര്‍ ഐക്യത്തോടെ മുന്നേറണം. നമ്മുടെ ഐക്യത്തിന്റെ ആധാരമാണ് ഭരണഘടന. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. ഭരണഘടനയുടെ ശക്തി നാരീശക്തിയാണ്. ഭാരതത്തിന്റെ സംസ്‌ക്കാരം ലോകത്തിനാകെ മാതൃകയാണ്. നമ്മുടെ ഭരണഘടന പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക