Kerala

‘സിബിഐ ഓഫീസർ ചമഞ്ഞ് ഫോൺ വിളി ‘ ; സലീഷ് കുമാർ തട്ടിയെടുത്തത് 1.86 കോടി ; മറ്റ് സംസ്ഥാനങ്ങളിലും തട്ടിപ്പ്

Published by

കോട്ടയം ; 1.86 കോടി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃശൂർ വരന്തരപ്പിള്ളി ചന്ദ്രശേരിയിൽ സലീഷ് കുമാർ (47) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പുകേസുകളിൽ പ്രതിയെന്നു പൊലീസ്. സിബിഐ ഓഫിസിൽനിന്നു വിളിക്കുന്നുവെന്നു പറഞ്ഞു കാഞ്ഞിരപ്പള്ളി സ്വദേശിനിയെ കബളിപ്പിച്ചാണ് 1.86 കോടി തട്ടിയെടുത്തത്.

കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ ഫോണിലേക്ക് വിളിച്ച് ഇവരുടെ മുംബൈയിലുള്ള ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയാണു പലതവണകളായി 1.86 കോടി തട്ടിയത്.

ഇയാൾ നൽകിയ അക്കൗണ്ടുകളിലേക്കാണ് ഇവർ പണം അയച്ചുകൊടുത്തത്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പണം ഇയാളുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഗോവയിൽ നിന്നാണു പിടികൂടിയത്.

തുടർന്ന് കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പണം ഇയാൾ രാജസ്ഥാൻ, ഹരിയാന, കോയമ്പത്തൂർ, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒട്ടേറെ തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by