India

ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നില്‍ ഒരു വെല്ലുവിളി കൂടി ബാക്കി; 2025ല്‍ ആ കടമ്പകൂടി കടന്നാല്‍ മൂന്ന് ഇന്ത്യക്കാരുമായി ഇന്ത്യന്‍ പേടകം ബഹിരാകാശത്തെത്തും

സ്വന്തമായി വികസിപ്പിച്ച ബഹിരാകാശപേടകത്തില്‍ മൂന്ന് ഇന്ത്യക്കാരെ ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് മുന്‍പില്‍ ഇനി ഒരു വെല്ലുവിളി കൂടിയേ ബാക്കിയുള്ളൂ.

Published by

ന്യൂദല്‍ഹി: സ്വന്തമായി വികസിപ്പിച്ച ബഹിരാകാശപേടകത്തില്‍ മൂന്ന് ഇന്ത്യക്കാരെ ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് മുന്‍പില്‍ ഇനി ഒരു വെല്ലുവിളി കൂടിയേ ബാക്കിയുള്ളൂ. ബഹിരാകാശവാഹനത്തെ ബഹിരാകാശത്ത് എത്തിച്ച ശേഷം തിരിച്ചിറക്കുന്ന പരീക്ഷണമാണിത്. ഇത് കൂടി വിജയിച്ചാല്‍ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് ഇന്ത്യക്കാരുമായി ഇന്ത്യന്‍ ബഹിരാകാശപേടകം യാത്ര തിരിക്കും.

2025 ആദ്യപാദത്തിലായിരിക്കും ഈ നിര്‍ണ്ണായകമായ പരീക്ഷണം നടത്തുക. വാഹനത്തെ ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കുമ്പോള്‍ ഉണ്ടാകുന്ന അമിതമായ ചൂടിനെ അതിജീവിക്കാന്‍ സാധിക്കുമോ എന്ന പരീക്ഷണമാണ് നടക്കാനുള്ളത്. ബഹിരാകാശത്ത് എത്തിയ വാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കുമ്പോള്‍ ഘര്‍ഷണം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന ചൂടിനെ പേടകത്തിന്റെ താപപ്രതിരോധ കവചത്തിന് പ്രതിരോധിക്കാന്‍ ആവുന്നുണ്ടോ എന്നതാണ് ഈ പരീക്ഷണം. ബഹിരാകാശയാത്രികരെ സുരക്ഷിതമായി തിരിച്ച് ഇറക്കുന്നതിന് ഈ പരീക്ഷണവിജയം നിര്‍ണ്ണായകമാണ്.

ഇത് കൂടി വിജയിച്ചാല്‍ നാസയില്‍ ഇപ്പോള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യക്കാരായ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഇന്ത്യന്‍ നിര്‍മ്മിത പേടകത്തില്‍ ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ബഹിരാകാശഭ്രമണപഥം. ഈ ഭ്രമണപഥത്തില്‍ ഏഴ് ദിവസത്തോളം ഗഗന്‍യാനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പേടകം ചെലവിടും. പിന്നീട് ഈ പേടകം ഭൂമിയിലേക്ക് തിരിച്ചിറക്കും.

ഗഗന്‍ യാന്‍ ദൗത്യം 90230 കോടിയുടെ പദ്ധതി

ഗഗന്‍ യാന്‍ എന്നത് സംസ്കൃത പദമാണ്. ഗഗന്‍ എന്നാല്‍ ബഹിരാകാശം. യാന്‍ എന്നാല്‍ പേടകം. ബഹിരാകാശ പേടകം എന്നാണര്‍ത്ഥം. ഗഗന്‍യാന്‍ ദൗത്യം ഏകദേശം 90,230 കോടി രൂപ ചെലവിടുന്ന ബൃഹല്‍പദ്ധതിയാണ്. ഈ പദ്ധതിക്ക് 11,170 കോടി രൂപ ഐഎസ് ആര്‍ഒ തന്നെ അനുവദിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by