ന്യൂദൽഹി : ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകയുടെ വരാനിരിക്കുന്ന ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെപ്തംബറിൽ പ്രസിഡൻ്റായതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനത്തിലാണ് ദിസനായക മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ദേശീയ തലസ്ഥാനത്ത് എത്തുന്നത്.
ശ്രീലങ്കൻ നേതാവ് പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ കാണുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് എംഇഎ അറിയിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നിക്ഷേപവും വാണിജ്യ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിനായി ദൽഹിയിൽ നടക്കുന്ന ബിസിനസ് പരിപാടിയിൽ ദിസനായക പങ്കെടുക്കും. അദ്ദേഹം ബോധഗയ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത സമുദ്ര അയൽരാജ്യമാണ് ശ്രീലങ്ക . പ്രധാനമന്ത്രി മോദിയുടെ ‘സാഗർ’ (മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) എന്ന കാഴ്ചപ്പാടിലും ശ്രീലങ്കയ്‌ക്ക് കേന്ദ്ര സ്ഥാനമുണ്ടെന്നും എംഇഎ പറഞ്ഞു. ഇതിനു പുറമെ സമുദ്ര സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദിസനായകയുടെ സന്ദർശന വേളയിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഇന്ത്യ ശ്രീലങ്കയുമായുള്ള മൊത്തത്തിലുള്ള പ്രതിരോധ, തന്ത്രപരമായ ബന്ധം വിപുലീകരിക്കുന്നത്. നേരത്തെ 2022 ഓഗസ്റ്റിൽ ഹംബന്തോട്ട തുറമുഖത്ത് ചൈനീസ് മിസൈൽ, സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പൽ ‘യുവാൻ വാങ്’ ഡോക്ക് ചെയ്തത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് കാരണമായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മറ്റൊരു ചൈനീസ് യുദ്ധക്കപ്പൽ കൊളംബോ തുറമുഖത്ത് എത്തിയിരുന്നു. അതേ സമയം തദ്ദേശീയമായി നിർമ്മിച്ച ഓഫ്‌ഷോർ പട്രോൾ വെസലുകൾ ഉൾപ്പെടെ ശ്രീലങ്കൻ പ്രതിരോധ സേനയുടെ വിവിധ ശേഷി വർദ്ധിപ്പിക്കൽ നടപടികളെ ഇന്ത്യ പിന്തുണയ്‌ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: