India

മഹാകുംഭമേളയ്‌ക്ക് ഒരുങ്ങി പ്രയാഗ്‌രാജ്; 1609 കോടിയുടെ വികസന പദ്ധതിയുമായി റെയില്‍വെ

പ്രയാഗ്‌രാജ്: ത്രിവേണി സംഗമഭൂമി 12 വര്‍ഷത്തിലൊരിക്കലുള്ള മഹാകുംഭമേളയ്‌ക്ക് ഒരുങ്ങുമ്പോള്‍ പ്രയാഗ്‌രാജില്‍ റെയില്‍വെയ്‌ക്ക് മാത്രമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുക്കുന്നത് 1609 കോടിയുടെ വികസന പദ്ധതികള്‍. വാരാണസിയെയും പ്രയാഗ്‌രാജിനെയും ബന്ധിപ്പിക്കാന്‍ ഗംഗാനദിക്ക് കുറുകെ 100 വര്‍ഷം പഴക്കമുള്ള സിംഗിള്‍ റെയില്‍വെ ട്രാക്കിന് പകരം ഇരട്ട ട്രാക്ക് പാലം ഉള്‍പ്പെടെ പ്രാവര്‍ത്തികമാക്കിയാണ് പ്രയാഗ്‌രാജിലേക്ക് ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത്.

1.9 കിലോമീറ്റര്‍ ദൂരത്തിലാണ് ഗംഗാ നദിക്ക് കുറുകെയുള്ള കൂറ്റന്‍ പാലം നിര്‍മിച്ചിരിക്കുന്നത്. അതിനൊപ്പം ജൂണ്‍സി-പ്രയാഗ്‌രാജിന്റെ പാത ഇരട്ടിപ്പിക്കലിനു കൂടി 850 കോടി രൂപയാണ് ചെലവഴിച്ചത്. 1914ല്‍ സ്ഥാപിച്ച ഒറ്റ ട്രാക്കിലെ പാലത്തിലൂടെയുള്ള വേഗം കുറഞ്ഞ യാത്രാരീതി പൂര്‍ണമായും അവസാനിപ്പിച്ചാണ് പദ്ധതികള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചത്. ഇതോടെ വാരാണസിയില്‍ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള യാത്ര അതിവേഗത്തിലാകും.

375 കോടി മുടക്കി ഏഴ് ഓവര്‍ ബ്രിഡ്ജുകളും 40 കോടി ചെലവില്‍ മൂന്ന് അടിപ്പാതകളും ഒരുക്കി. 226 കോടി ചെലവില്‍ ഏഴിടങ്ങളില്‍ യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പ്രയാഗ് ജങ്ഷന്‍ സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിനായി 88 കോടിയും ചെലവഴിച്ചു. പ്രയാഗ്‌രാജുമായി ബന്ധപ്പെട്ട പ്രയാഗ്‌രാജ് ജങ്ഷന്‍, നൈനി, ജൂണ്‍സി, ഫഫമൗ എന്നീ സ്റ്റേഷനുകളില്‍ അധിക പ്ലാറ്റ്‌ഫോമുകളും കാത്തിരിപ്പു കേന്ദ്രങ്ങളും പൂര്‍ത്തിയാക്കി. ഒന്‍പതു സ്റ്റേഷനുകള്‍ പൂര്‍ണമായും നവീകരിച്ചു.

13,000ത്തിലധികം ട്രെയിനുകളാണ് തീര്‍ത്ഥാടകരെയും വഹിച്ച് പ്രയാഗ്‌രാജിലേക്ക് എത്താനൊരുങ്ങുന്നത്. 3,134 പ്രത്യേക ട്രെയിനുകളും ഉള്‍പ്പെടും. 1400 സിസി ടിവി ക്യാമറകള്‍ റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. കുറ്റവാളികളെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും കണ്ടെത്താന്‍ 200 ഫെയിസ് റെക്കഗ്‌നൈസിങ് ക്യാമറകളും റെയില്‍വെ ഒരുക്കി. ടിക്കറ്റിങ് കൗണ്ടറുകള്‍, എന്‍ക്വയറി ബൂത്തുകള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ തുടങ്ങി വന്‍ സന്നാഹമാണ് റെയില്‍വെ ഒരുക്കുന്നത്.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക