Palakkad

പാലക്കാട് ദേശീയ – സംസ്ഥാനപാതകളില്‍ പ്രതിവര്‍ഷം പൊലിയുന്നത് 300 ഓളം ജീവനുകള്‍

Published by

പാലക്കാട്: സംസ്ഥാനത്തെ പൊതുനിരത്തുകളിലുണ്ടാകുന്ന വാഹനാപകടങ്ങളില്‍ പ്രതിവര്‍ഷം പൊലിയുന്നത് ആയിരക്കണക്കിന് ജീവനുകളാണ്. ജില്ലയില്‍മാത്രം കഴിഞ്ഞ 5 വര്‍ഷത്തിനിടെയുണ്ടായ വാഹനാപകടങ്ങളില്‍ 1500 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2019 മുതല്‍ ഇക്കഴിഞ്ഞ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 13824 വാഹനാപകടങ്ങളാണ് ജില്ലയിലുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ 22ന് കല്ലടിക്കോടുണ്ടായ വാഹനാപകടത്തില്‍ മാത്രം പൊലിഞ്ഞത് അഞ്ചുജീവനുകളാണ്. ഇന്നലെ നാല് ജീവനും.

ജില്ലയിലൂടെ കടന്നുപോകുന്ന സേലം – കൊച്ചി ദേശീയപാത, പാലക്കാട് – കോഴിക്കോട് ദേശീയപാത, പാലക്കാട് – പൊന്നാനി സംസ്ഥാനപാതകളിലാണ് കൂടുതല്‍ അപകടങ്ങളും നടക്കുന്നത്. നവീകരണം പൂര്‍ത്തിയായ പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ അനുദിനം അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കൊവിഡ് കാലത്തിനുശേഷം പൊതുനിരത്തുകളില്‍ അപകടങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടായത് 2023ലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടായത് ജനുവരിയിലുമാണ്. ജനുവരിയില്‍ 296ഉം ജൂലായ് 201ഉം വാഹനാപകടങ്ങളാണുണ്ടായത്.

ദേശീയ – സംസ്ഥാനപാതകളില്‍ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധക്കുറവും വളവിലുളള ഡ്രൈവിങുമാണ് അപകടങ്ങളില്‍ കൂടുതല്‍ വില്ലനാവുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് കൂടുതലാണ്. കൂടുതലായും അപകടങ്ങള്‍ നടക്കുന്നത് രാത്രി 10നും രാവിലെ 6നുമിടക്കാണ്. ഇത്തരം അപകടങ്ങളില്‍ രക്ഷപ്പെടുന്നവരും കുറവാണ്.

മുന്‍വര്‍ഷങ്ങളില്‍ വാളയാര്‍, പുതുശ്ശേരി, കണ്ണാടി, വടക്കഞ്ചേരി എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ അപകടങ്ങളുണ്ടായത്. പലയിടത്തും ക്യാമറകള്‍ ഉണ്ടെങ്കിലും വേഗനിയന്ത്രണ സംവിധാനമില്ല. പരിശോധന ശക്തമാക്കിയാലും അപകടങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക