പാരീസ് : മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി ബംഗ്ലാദേശ് മാറിയെന്ന് ആഗോള റിപ്പോർട്ടേഴ്സ് നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു. ഫ്രാൻസിലെ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, ഫ്രഞ്ച് ഭാഷയിൽ Reporters Sans Frontières (RSF) എന്ന ഒരു അന്താരാഷ്‌ട്ര സംഘടനയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
RSF പ്രസിദ്ധീകരിച്ച 2024 റൗണ്ട്-അപ്പ് പ്രകാരം പലസ്തീനാണ് പത്രപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം. തൊട്ടുപിന്നാലെ പാകിസ്ഥാനും ബംഗ്ലാദേശുമാണ് നിലകൊള്ളുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ മാധ്യമപ്രവർത്തകർക്കെതിരായ വിവിധ ആക്രമണങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തിയത്.
ഈയിടെ പ്രസിദ്ധീകരിച്ച 2024-ലെ റൗണ്ട് അപ്പ് റിപ്പോർട്ടിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ടാർഗെറ്റഡ് ആക്രമണങ്ങളിൽ ഭയാനകമായ വർധനയുണ്ടായതായി ആർഎസ്എഫ് പ്രസ്താവിച്ചു. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഡ്യൂട്ടിക്കിടെ നിരവധി മാധ്യമപ്രവർത്തകരുടെ ജീവൻ അപഹരിച്ച അസ്വസ്ഥജനകമായ സാഹചര്യങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാദകരമായ പൊതു തൊഴിൽ ക്വാട്ട സമ്പ്രദായത്തെച്ചൊല്ലി ജൂലൈയിൽ നടന്ന പ്രതിഷേധത്തിനിടെ ബംഗ്ലാദേശിൽ നടന്ന അക്രമാസക്തമായ അടിച്ചമർത്തലിൽ അഞ്ച് മാധ്യമപ്രവർത്തകരുടെ ജീവനാണ് പൊലിഞ്ഞത്. സുരക്ഷാ സേന മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും സർക്കാരിനെ അട്ടിമറിക്കുന്നതിൽ കലാശിച്ച ബഹുജന പ്രക്ഷോഭത്തിന്റെ കവറേജ് അടിച്ചമർത്താൻ അധികാരികൾ ശ്രമിച്ചുവെന്നും പഠന റിപ്പോർട്ട് പറയുന്നു.
2024-ൽ ബംഗ്ലാദേശിന്റെ സുരക്ഷാ സേനയും മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ൽ 54 മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. അതിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു. ഈ 54 പേരിൽ 16 പേർ പലസ്തീനിലും 7 പേർ പാക്കിസ്ഥാനിലും 5 പേർ ബംഗ്ലാദേശിലും 5 പേർ മെക്സിക്കോയിലും 4 പേർ സുഡാനിലുമാണ് കൊല്ലപ്പെട്ടത്.
കൂടാതെ സംഘർഷമേഖലയിൽ നിന്ന് വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പകുതിയിലധികം മാധ്യമപ്രവർത്തകരും മരിച്ചുവെന്ന് അതിൽ പറയുന്നു. ഈ വർഷം ആഗസ്റ്റ് 28 ന് കല്ല്യൻപൂരിൽ താമസിച്ചിരുന്ന ബംഗാളി ഭാഷാ ഗാസി ടെലിവിഷനിലെ (ജിടിവി) ന്യൂസ് റൂം എഡിറ്ററായ 32 കാരിയായ സാറാ രഹനത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹതിർജീൽ തടാകത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആഗസ്റ്റ് 4 ന് ബംഗ്ലാദേശിൽ പ്രദീപ് കുമാർ ഭൗമിക് എന്ന ഹിന്ദു പത്രപ്രവർത്തകനെ പ്രതിഷേധക്കാർ കൊലപ്പെടുത്തി. സിറാജ്ഗഞ്ചിലെ റായ്ഗഞ്ച് പ്രസ് ക്ലബ്ബിൽ പ്രതിഷേധക്കാർ ഉപരോധിച്ചപ്പോളാണ് അദ്ദേഹത്തെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇത് കൂടാതെ ധാക്കയിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ധാക്ക ടൈംസിലെ മാധ്യമപ്രവർത്തകനായ മെഹെദി ഹസൻ കൊല്ലപ്പെട്ടത്.
ഇവ കൂടാതെ അടുത്ത കാലത്തായി രാജ്യത്ത് രണ്ട് മാധ്യമപ്രവർത്തകരുടെ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: