Kerala

മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴയില്‍ ശബരിമല

Published by

സന്നിധാനം: വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശബരിമലയില്‍ പെയ്തത് ഈ മണ്ഡലകാലം തുടങ്ങിയശേഷമുള്ള ഏറ്റവും കനത്ത മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റര്‍ മഴ. ഇത് ഈ മണ്ഡലകാലത്ത് ലഭിച്ചതില്‍ ഏറ്റവും കൂടിയതാണ്. ഇതേസമയം നിലയ്‌ക്കലില്‍ 73 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി.

ഇന്നലെ രാവിലെ 8.30 നും ഉച്ച 2.30 നും ഇടയില്‍ സന്നിധാനത്ത് 14.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇതേസമയം സമയം പമ്പയില്‍ പെയ്തത് 12.6 മില്ലിമീറ്റര്‍ മഴയാണ്. പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടും വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടുമായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള കാനനപാതകളില്‍ ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. പാതകളില്‍ വഴുക്കല്‍ കാരണം തെന്നി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ ഭക്തര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു.

ഇന്നലെ വൈകീട്ട് 3 മണിക്കുള്ള അറിയിപ്പുപ്രകാരം ആറാട്ട് കടവ് വിസിബിയിലെ ഇരുകരയിലെയും ഷട്ടറുകള്‍ പരമാവധി ഉയര്‍ത്തി. കൂടാതെ മറ്റ് 5 ഷട്ടറുകള്‍ കൂടി ഉയര്‍ത്തി മാറ്റിവെച്ചു. കേരള ജല അതോറിറ്റി വിസിബിയിലെ ഇടതുകരയിലെ ഷട്ടര്‍ 1.20 മീറ്റര്‍ ഉയര്‍ത്തുകയും മധ്യഭാഗത്തെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി മാറ്റിവെക്കുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by