ന്യൂദല്‍ഹി: സിപിഎം നേതാക്കളെ ക്ഷേത്രം ട്രസ്റ്റിമാരായി നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. തിരുനാവായ ശ്രീവൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റികളായി സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ. ദിലീപ്, എഐവൈഎഫ് നേതാവ് ബാബു പി.കെ. എന്നിവരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിയാണ് സുപ്രീംകോടതി ശരിവെച്ചത്. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ ട്രസ്റ്റികളാവാനാവില്ലെന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.
സിപിഎം നേതാക്കളടക്കം നാലുപേരെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് വൈരങ്കോട് ക്ഷേത്രത്തിലെ ട്രസ്റ്റികളായി നിയമിച്ചത്. വിനോദ് കുമാര്‍ എംപി, പ്രമോദ് ടി.പി. എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍. എന്നാല്‍ നാലുപേരുടേയും നിയമനം ഹൈക്കോടതി രാഷ്‌ട്രീയ ബന്ധം ചൂണ്ടിക്കാട്ടി റദ്ദാക്കി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും തിരിച്ചടിയാണ് ലഭിച്ചത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, അരവിന്ദ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി ശരിവെച്ചത്.
പാരമ്പര്യേതര ട്രസ്റ്റി നിയമനങ്ങളില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങള്‍ പുറത്താക്കപ്പെടുന്ന സാഹചര്യമാണ് ഹൈക്കോടതി വിധിയോടെ വരുന്നതെന്ന ന്യായമാണ് സുപ്രീംകോടതിയില്‍ സിപിഎമ്മുകാരായ പരാതിക്കാര്‍ ഉന്നയിച്ചത്. ഹൈക്കോടതി ട്രസ്റ്റികളായി നിയമിക്കപ്പെട്ടവരുടെ ജാതിയെപ്പറ്റി യാതൊന്നും പറഞ്ഞില്ലെന്നിരിക്കെയായിരുന്നു സുപ്രീംകോടതിയില്‍ ജാതി പറഞ്ഞുള്ള വാദം.
പാരമ്പര്യേതര ട്രസ്റ്റി നിയമനങ്ങളില്‍ തന്ത്രിയുടെ അഭിപ്രായം മാത്രം കേട്ടാല്‍ പിന്നാക്ക ജാതിക്കാര്‍ ഒഴിവാക്കപ്പെടുമെന്ന പരാമര്‍ശവും സിപിഎം നേതാക്കളുടെ അഭിഭാഷകര്‍ നടത്തി. പാരമ്പര്യേതര ട്രസ്റ്റി നിയമനങ്ങളില്‍ ജാതി കണക്കാക്കേണ്ടതില്ലെന്ന പൊതു പരാമര്‍ശം സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ക്ഷേത്ര ഭരണത്തില്‍ രാഷ്‌ട്രീയക്കാരെ തിരുകിക്കയറ്റാന്‍ നോക്കി പരാജയപ്പെട്ടപ്പോള്‍ ജാതി പറയുന്ന രാഷ്‌ട്രീയനീക്കമാണ് സിപിഎം നേതാക്കള്‍ കോടതിയിലും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: