ഷില്ലോങ്: ഐ ലീഗില്‍ ഗോകുലം കേരള വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഇന്ന് ഷില്ലോങ് ലാജോങ്ങിനെതിരെ. കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനും പോയിന്റ് പട്ടികിയല്‍ മുന്നേറാമെന്ന പ്രതീക്ഷയിലുമാണ് മലബാറിയന്‍ സീസണിലെ അഞ്ചാം മത്സരത്തിനായി ഇന്ന് ഷില്ലോങിലെ മൈതാനത്തിറങ്ങുന്നത്.
സീസണില്‍ ഇതുവരെ നാലു മത്സരം പൂര്‍ത്തിയായപ്പോള്‍ രണ്ട് സമനില, ഒരു ജയം, ഒരു തോല്‍വി എന്നിങ്ങനെയാണ് ഗോകുലത്തിന്റെ സമ്പാദ്യം. അതിനാല്‍ കിരീടപ്രതീക്ഷയില്‍ മറ്റു ടീമുകള്‍ക്കൊപ്പമെത്തണമെങ്കില്‍ ഇന്ന് ലജോങ്ങിനെ വീഴ്‌ത്തിയേ തീരു എന്ന അവസ്ഥയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ട് വച്ച് ചര്‍ച്ചിലിനോടേറ്റ തോല്‍വി ഗോകുലത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. മത്സരത്തില്‍ ഗോള്‍ നേടാന്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്മ വിനയായി. നിലവില്‍ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. പ്രതിരോധത്തിലും മധ്യനിരയിലും താരങ്ങള്‍ മികച്ച പ്രകടനാണ് നടത്തുന്നത്. ഫൈനല്‍ തേഡില്‍കൂടി ശ്രദ്ധയൂന്നിയാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന് പരിശീലകന്‍ അന്റോണിയോ റുവേഡ വ്യക്തമാക്കി.
പോയിന്റ് ടേബിളില്‍ ഗോകുലത്തിനേക്കാള്‍ താഴെയാണ് ലജോങ്ങിന്റെ സ്ഥാനം. നാല് മത്സരത്തില്‍ അഞ്ച് പോയിന്റാണ് ലജോങ്ങിന്റെയും സമ്പാദ്യം. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ യുനൈറ്റഡിനെ എതിരില്ലാത്ത എട്ടു ഗോളിന് വീഴ്‌ത്തിയ ലജോങ് അതിന് മുന്‍പ് നടന്ന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്റര്‍ കാശിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു. അതിനാല്‍ ഇന്ന് ഗോകുലം കേരളയ്‌ക്ക് ശ്രദ്ധയോടെ കരുക്കള്‍ നീക്കണം. വൈകിട്ട് 4.30 മുതലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക