കൊച്ചി : പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്നാം പ്രതി എം കെ നാസറിന്റെ ശിക്ഷാവിധിയാണ് മരവിപ്പിച്ചത്.
നാസറിന് ഉപാധികളോടെ ജാമ്യം നല്‍കാന്‍ ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍ , പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ഉത്തരവിട്ടു. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
എം കെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്പതു വര്‍ഷമായി ജയിലിലാണ്. നാസര്‍ ആണ് കൈവെട്ടു കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.
ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറില്‍ പ്രവാചക നിന്ദാ ചോദ്യം ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക