ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുകൾ ലോഞ്ച് ചെയ്ത് ഊബർ. ഉബർ മോട്ടോ വിമൻ എന്നതാണ് പുതിയ സേവനത്തിന്റെ പേര്. സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് റൈഡുകൾ വാഗ്ദാനം ചെയ്യുകയാണ് ഇത് വഴി ലക്ഷ്യമെന്ന് ഊബർ അറിയിച്ചു.
ബൈക്ക് റൈഡുകൾ തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ വേണ്ടിയാണ് പദ്ധതി. പലപ്പോഴും ഓൺലൈൻ ബൈക്ക് റൈഡ് ബുക്ക് ചെയ്യുന്ന സ്ത്രീകൾ വിവിധ തരം ആക്രമണങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇക്കാരണത്താൽ തന്നെ ഓട്ടോ, ക്യാബ് പോലുള്ള റൈഡുകൾ തിരഞ്ഞെടുക്കാൻ സ്ത്രീകൾ നിർബന്ധിതരാവുകയാണ്. എന്നാൽ ഉബർ മോട്ടോ വിമൻ ഇതിനെല്ലാം പരിഹാരമാകുമെന്ന് കമ്പനി അറിയിച്ചു.
വനിതാ ഡ്രൈവർമാർക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നതെന്ന് ഊബർ ഇന്ത്യ, സൗത്ത് ഏഷ്യ റീജിയണൽ ബിസിനസ് ഓപ്പറേഷൻസ് മേധാവി അഭിഷേക് പാധ്യേ പറഞ്ഞു. തത്സമയ ട്രാക്കിംഗിനായി റൈഡർമാർക്ക് അവരുടെ ട്രിപ്പ് വിശദാംശങ്ങൾ അഞ്ച് കോൺടാക്റ്റുകളുമായി പങ്കിടാനാകും. അതേസമയം ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുന്നതിന് ഫോൺ നമ്പറുകളും ഡ്രോപ്പ്-ഓഫ് വിലാസങ്ങളും രഹസ്യമാക്കുകയും ചെയ്യും. ഇന്ത്യയിലെ റൈഡ്-ഹെയ്‌ലിംഗ് സ്‌പെയ്‌സിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവായതിനാൽ ഉബർ മോട്ടോ വിമൻ കൂടുതൽ വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: