കൊല്ലം: സിപിഎം ജില്ലാ സമ്മേളനത്തിന് അവസാനിച്ചപ്പോള്‍ കൊല്ലത്ത് സിപിഎം സംഘടന സംവിധാനം പൊളിഞ്ഞു കിടക്കുന്നുവെന്ന രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഘടന റിപ്പോര്‍ട്ടില്‍ തന്നെ ജില്ലാ സെക്രട്ടറി സ്വയം വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിനെ പ്രതിക്കുട്ടിലാക്കി പ്രതിനിധികള്‍ സംസാരിച്ചത് ജില്ലാനേതൃത്വത്തിന് നാണക്കേടായി.
സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും വിമര്‍ശിച്ച സംഘടനാ റിപ്പോര്‍ട്ടും ജില്ലാ കമ്മിറ്റിയുടെ പാളിച്ചകള്‍ ചൂണ്ടികാണിച്ച സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള നിഴല്‍ യുദ്ധം പ്രകടമായ സമ്മേളനം പഴയ വി.എസ്. പക്ഷത്തിന്റെ ശക്തി പ്രകടനം കൂടിയായി. സമ്മേളനത്തിന്റെ ആദ്യവസാനം വരെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കാതെ അവഗണിക്കുന്ന സമീപനമായിരുന്നു.
ജില്ലയിലെ ശക്തികേന്ദ്രങ്ങളായ കടയ്ക്കല്‍, ചിതറ, പുനലൂര്‍ തുടങ്ങിയ ഏരിയയില്‍ നിന്ന് എത്തിയ പ്രതിനിധികള്‍ ജില്ലാ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും സംഘടനാ സംവിധാനത്തെ ചോദ്യം ചെയ്യുകയും ചെയ്തത് പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയായി.
പാര്‍ട്ടിയെ മറന്ന ഭരണനേതൃത്വമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പുതിയതായി തെരഞ്ഞെടുത്ത് ഏരിയ സെക്രട്ടറി ചൂണ്ടികാണിച്ചപ്പോള്‍ സെക്രട്ടറിയാണ് എന്നുള്ള സൂചനയാണ് ഡയസില്‍ നിന്ന് ഉണ്ടായത്. സെക്രട്ടറിയായാല്‍ വിവര്ശിച്ചു കൂടെ എന്ന് തിരിച്ചുള്ള ചോദ്യം ഒരു പ്രതിനിധിയില്‍ ഉണ്ടായതും ഡയസില്‍ ഇരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന് നാണക്കേട് ഉണ്ടാക്കി.
മന്ത്രി കെ.എന്‍. ബാലഗോപാലിനെ മറ്റൊരു ബാലകൃഷ്ണപിള്ള ആവരുത് എന്നാണ് ഒരു പ്രതിനിധി വിമര്‍ശിച്ചത്. ഐഷപോറ്റിയെ പാര്‍ട്ടിക്ക് വെളിയില്‍ കളഞ്ഞപ്പോള്‍ ‘സമാധാനമായില്ലേ സഖാവേ’ എന്നായിരുന്നു ചാത്തന്നൂര്‍ നിന്നുള്ള പ്രതിനിധിയുടെ ചോദ്യം. എല്ലാവരെയും പുകച്ചു വെളിയില്‍ കളയാനാണ് ചിലര്‍ക്ക് താത്പര്യമെന്ന് പറഞ്ഞു കൊണ്ടാണ് ഒരു പ്രതിനിധി തുടങ്ങിയത്. ബാലഗോപാലിനെ എണ്ണ തേപ്പിക്കാനാണ് ഇവിടെ ചിലര്‍ക്ക് ഉത്സാഹമെന്നും പ്രതിനിധി വിമര്‍ശിച്ചു.
അതിനിടെ എസ്.സുദേവനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനുള്ള എം.വി ഗോവിന്ദന്റെ നീക്കം, കെ.എന്‍ ബാലഗോപാലിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പാഴായി. ഗോവിന്ദന് നിലപാടില്‍ ഉറച്ചതോടെ, വലിയൊരു വിഭാഗത്തെ മുന്‍നിര്‍ത്തി ബാലഗോപാല്‍ പ്രതിരോധിച്ചു. സെക്രട്ടറിയെ മാറ്റാന്‍ ശ്രമിച്ചാല്‍ മത്സരമുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ ഗോവിന്ദന് പിന്മാറി.
ജെ.മേഴ്സികുട്ടിഅമ്മ, കെ.സോമപ്രസാദ് എന്നിവരില്‍ ഒരാളെ സെക്രട്ടറിയാക്കണമെന്ന അഭിപ്രായം ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നെങ്കിലും ബാലഗോപാലിന്റെ മുമ്പില്‍ അവതരിപ്പിച്ച് ഇഷ്ടക്കേട് നേടാന്‍ ആരും തയ്യാറായില്ല.
ജില്ലയിലെ നേതാക്കള്‍ക്കിടയിലെ അഴിമതി സംബന്ധിച്ച് എം.വി ഗോവിന്ദന് ആവര്‍ത്തിച്ച് പറഞ്ഞത് കെ.എന്‍ ബാലഗോപാല്‍, എസ്.സുദേവന് എന്നിവരെ ലക്ഷ്യമിട്ടാണെന്നാണ് അവരുടെ ചേരി കരുതുന്നത്. അതിനാലാണ് എന്ത് സംഭവിച്ചാലും സെക്രട്ടറിയെ മാറ്റില്ലെന്ന നിലപാടിലേക്ക് ബാലഗോപാല്‍ വിഭാഗം മാറിയത്.
46 അംഗ ജില്ലാ കമ്മിറ്റിയുടെ പാനല്‍ സമ്മേളനം അംഗീകരിച്ചു. എന്നാല്‍ 44 പേരെ മാത്രമാണ് കമ്മിറ്റിയില്‍ എടുത്തത്. ബാലഗോപാലിന്റെ ഇഷ്ടക്കാരായ രണ്ട് പേരെ പിന്നീട് ഉള്‍പ്പെടുത്തുന്നതിനായാണ് ഒഴിവിട്ടതെന്ന് എതിര് വിഭാഗം ആരോപിക്കുന്നു. പുതിയതായി 4 പേരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. നാല് പേരും ബാലഗോപാലിനോട് അടുത്ത് നില്‍ക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: