കേരള നവോത്ഥാനത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മഹാപുരുഷന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെടേണ്ട ത്യാഗധനനായ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ചരമശതാബ്ദി ദിനമാണ് ഡിസംബർ 13. ധീരോദാത്തനായ സ്വാതന്ത്ര്യ സമരഭടൻ, കർമ്മകുശലനായ രാജ്യ സ്നേഹി, ആർഷ ധർമ്മ പ്രചാരകൻ, അചഞ്ചനായ ഗാന്ധി ഭക്തൻ എന്നീ നിലകളിൽ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ അദ്ദേഹം സ്മരിക്കപ്പെടുന്നു.
ശ്രീമദ് തീർത്ഥപാദപരമഹംസ സ്വാമികളുടെ ഭക്തനായിരുന്ന ചിറ്റേടം കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ആദ്ധ്യാത്മികപ്പൊരുൾ തേടിയാണ് ഇരുപതാം വയസിൽ കാശിയിലേക്ക് വണ്ടി കയറിയത്. തിരിച്ചെത്തിയതാകട്ടെ സ്വതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ സജീവ പ്രവർത്തകനായിട്ടും. തുടർന്ന് സബർമതിയിലെത്തി ഗാന്ധിജിയെക്കണ്ട് അനുഗ്രഹം നേടുകയും ഗാന്ധിജി അദ്ദേഹത്തെ ഖാദി പ്രസ്ഥാനത്തിന്റെ പ്രചാരകനാക്കുകയും ചെയ്തു. അയിത്തോച്ചാടനം, അധസ്ഥിത ജനസമുദ്ധാരണം, ഖാദി പ്രചരണം, സ്വദേശി പ്രസ്ഥാനം എന്നീ മണ്ഡലങ്ങളിലെല്ലാം ക്രിയാത്മക സംഭാവനകളാണ് ചിറ്റേടം നൽകിയത്.
ചെന്നിത്തല അമ്പലപ്പാട്ട് രായിങ്ങൽ ശങ്കരനാശാന്റെയും ചിറ്റേടത്ത് പാർവതിയമ്മയുടേയും മകനായി 1887 ഏപ്രിൽ 10 നാണ് ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ജനനം. സബർമതിയിൽ നിന്നുള്ള ചർക്കയുടെ ഭാഗം അദ്ദേഹത്തിന്റെ ഭവനത്തിൽ ഇപ്പോഴും സൂക്ഷിച്ചു പോരുന്നു. ചെറുകോൽപ്പുഴ ഹിന്ദു മതമഹാമണ്ഡലത്തിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു അദ്ദേഹം.
ശ്രീമദ് തീർത്ഥപാദപരമഹംസ സ്വാമികളും സദാനന്ദ സ്വാമി തിരുവടികളും നടത്തിയ സാമൂഹ്യ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ചിറ്റേടം മുന്നണി പോരാളിയായി പ്രവർത്തിച്ചു. പമ്പാ നദീ തീരത്ത് നടക്കുന്ന അയിരൂർ ചെറുകോൽ പ്പുഴ ഹിന്ദു ധർമ്മ പരിഷത്തിനോടനുബന്ധിച്ച് മണൽ പുറത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തിൽ ഖാദിയുടെയും ചർക്കയുടെയും പ്രദർശനം സംഘടിപ്പിച്ചിരുന്നത് പഴമക്കാർ ഇപ്പോഴും അനുസ്മരിക്കുന്നു.
വിദേശവസ്ത്ര ബഹിഷ്കരണത്തിനും ഖാദി പ്രചരണത്തിനും അദ്ദേഹം വലിയ പ്രാധാന്യം കൽപിച്ചിരുന്നു. തിരുപ്പൂരിൽ നിന്നും ഖദർ വസ്ത്രം വരുത്തി നാനാ ദിക്കിലുള്ള ജനങ്ങൾക്ക് വിതരണം ചെയ്യാനും അദ്ദേഹം പണം ചെലവഴിച്ചു. ജന്മ നാട്ടിലും സമീപപ്രദേശങ്ങളിലും സ്വന്തം പണം കൊണ്ട് ചർക്കയുണ്ടാക്കി ആളുകളെ നൂൽനൂക്കാനും ഖാദി വസ്ത്രം ധരിക്കാനും ആ ഗാന്ധിശിഷ്യൻ പ്രേരിപ്പിച്ചു ഭാര്യ ലക്ഷ്മിയമ്മയുടെ ജന്മദേശമായ തെള്ളിയൂർ കേരളത്തിലെ ആദ്യ ഖാദി ഗ്രാമങ്ങളിലൊന്നായി. ഇതിനായി പരുത്തി കൃഷി വ്യാപകമാക്കാനും ചിറ്റേടം മുന്നിട്ടിറങ്ങി.
കൊല്ലവർഷം 1099 ലെ (1924 AD) പ്രശസ്തമായ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അദ്ദേഹം സാമ്പത്തിക സഹായം ചെയ്യുകയും സർക്കാരിനെക്കൊണ്ട് മേലുകരയിലും കുറിയന്നൂരും ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ കടകൾ തുടങ്ങിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗാന്ധിജി യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്അധസ്ഥിതരുടെ ഉന്നമനത്തിനായി സ്വജീവിതം സമർപ്പിച്ച ശങ്കുപിള്ള അയിത്തോച്ചാടനം തന്റെ വീട്ടിൽ തന്നെ നടപ്പാക്കി മാതൃകാട്ടുക തന്നെ ചെയ്തു.
വൈക്കം സത്യഗ്രഹ (1924) മാണ് ചിറ്റേടത്തിന്റെ ത്യാഗസന്നദ്ധതയുടെയും കർമ്മ വൈഭവത്തിന്റെയും തനിമ കാലത്തെ ബോദ്ധ്യപ്പെടുത്തിയത്.
അയിത്തത്തിനെതിരേ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ആ ഐതിഹാസിക സമരം ഭാരതത്തിലെങ്ങും പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ടി.കെ.മാധവൻ, കെ.കേളപ്പൻ, കുറൂർ നമ്പൂതിരിപ്പാട്, കെ.പി.കേശവമേനോൻ , മന്നത്തു പത്മനാഭൻ , തുടങ്ങിയ നേതാക്കളാടൊപ്പം ചിറ്റേടത്ത് ശങ്കുപ്പിള്ളയും സമര നായകത്വം ഏറ്റെടുത്തു. യാഥാസ്ഥിതകരായ സവർണ പ്രമാണിമാരുടെ ഗുണ്ടകൾ സത്യഗ്രഹ സമര ഭടന്മാരെ നിരന്തരം ആക്രമിച്ചു പോന്നു. കൊല്ലവർഷം 1924 ഒക്ടോബറിൽ ഒരു അർദ്ധരാത്രിയാണ് ചിറ്റേടത്തിനെ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. തീർത്തും അവശനായി കിടപ്പിലായ ശങ്കുപിള്ള 1924 ഡിസംബർ 13 ന് അന്തരിച്ചു.
കേരളത്തിന്റെ ഭാവി പ്രതീക്ഷയായി ഗാന്ധിജി സ്വപ്നം കണ്ട ധീര യോദ്ധാവിന്റെ അക്കാല വിയോഗം അദ്ദേഹത്തെ നിരാശപ്പെടുത്തി. പിന്നീട് ചെങ്ങന്നൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ ശങ്കുപിള്ളയുടെ ഒരു വയസുള്ള കുട്ടിയെ എടുത്തു പിടിച്ചു കൊണ്ട് ഗാന്ധിജി പ്രസംഗിച്ചതും ചി |റ്റേടം എന്ന മഹനായ കർമ്മയോഗിക്ക് രാഷ്ട്രം നൽകിയ സമാദരവാണെന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: