കാബൂൾ : താലിബാൻ സർക്കാരിന്റെ അഭയാർഥി കാര്യമന്ത്രിയും മോസ്റ്റ് വാണ്ടഡ് ഭീകരനുമായ ഖലീൽ ഹഖാനി കാബൂളിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. അഭയാർത്ഥി മന്ത്രാലയത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ ഹഖാനിയും നാല് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് . ചാവേർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹഖാനി ശൃംഖലയിലെ മുതിർന്ന അംഗവും താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ബന്ധുവുമാണ് ഖലീൽ ഹഖാനി. അഫ്ഗാനിസ്ഥാനിലേക്ക് വരുന്ന അഭയാർത്ഥികളുടെ പ്രശ്നങ്ങൾ ഖലീലാണ് കൈകാര്യം ചെയ്തിരുന്നത് .
സ്‌ഫോടനത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് താലിബാൻ അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹഖാനിയെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.ഖലീൽ ഹഖാനിയുടെ തലയ്‌ക്ക് അമേരിക്ക 5 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
താലിബാന്റെ ഭീകര സംഘടനയാണ് ഹഖാനി നെറ്റ്‌വർക്ക്. ഈ ശൃംഖല അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപിച്ചുകിടക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി ആക്രമണങ്ങളാണ് ഹഖാനി ശൃംഖല അഫ്ഗാനിസ്ഥാനിൽ നടത്തിയത്. 2012ൽ അമേരിക്ക ഇതിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: