Kerala

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി അടിസ്ഥാനത്തിലുളള അന്വേഷണത്തിനെതിരെ മറ്റൊരു നടിയും സുപ്രീം കോടതിയില്‍

നിലവില്‍ തന്റെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ട്

Published by

ന്യൂദല്‍ഹി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരാന്‍ മറ്റൊരു നടിയും. മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വതിയും അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നു. നിലവില്‍ തന്റെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ട്. ഹേമ കമ്മിറ്റിയുടെ നടപടികള്‍ പരിപൂര്‍ണതയില്‍ എത്തണം എന്നാണ് ആഗ്രഹമെന്നും നടി പറയുന്നു. അഡ്വക്കേറ്റ് ലക്ഷ്മി എന്‍ കൈമളാണ് നടിക്കായി ഹര്‍ജി ഫയല്‍ ചെയ്തത്.

എന്നാല്‍ സംസ്ഥാന വനിത കമ്മീഷന്‍ നല്‍കിയ സത്യവാംഗ് മൂലത്തില്‍ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി. എസ്‌ഐടി അന്വേഷണം സുപ്രീം കോടതി റദ്ദാക്കിയാല്‍ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക