ശബരിമല: ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് ശബരിമല ക്ഷേത്രത്തിനുതൊട്ടുതാഴെ ആകാശത്ത് പറന്നത് ആശങ്കയുണ്ടാക്കി. ആന്ധ്രയിൽനിന്നെത്തിയ ഒരുഭക്തനാണ് ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് പറത്തിയത്. ആന്ധ്രയിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തിനും മറ്റും ആകാശത്തേയ്ക്ക് ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് വിടുന്നത് പതിവാണ്.
ശബരിമലയിൽ ദീപനാളവുമായി ബലൂൺ പറന്നത് പോലീസിനെ വലിയ ആശങ്കയുണ്ടാക്കി. സാധാരണഗതിയിൽ അപകടമൊന്നും സംഭവിക്കാറില്ല. ഇത്തരം ബലൂണുകൾ ആകാശത്ത് എത്തി ദീപം കെടുകയാണ് പതിവ്. എന്നാൽ വന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന, പതിനായിരക്കണക്കിന് തീർത്ഥാടകരെത്തുന്ന സന്നിധാനത്ത് ഒരു തീപ്പൊരി വീണാലുണ്ടാകുന്ന ഭവിഷ്യത്താണ് ആശങ്കയുളവാക്കിയത്. ഉടൻ തന്നെ ഫയർ ഫോഴ്സും രംഗത്തെത്തി.
പോലീസ് ഉടൻ തന്നെ ഭക്തന്റെ അടുത്തെത്തി ഇത്തരം പരിപാടികൾ ഇവിടെ നടത്തരുതെന്ന് ഓർമ്മിപ്പിച്ചു. കൈയിൽ സ്റ്റോക്കുണ്ടായിരുന്ന മറ്റൊരു ബലൂൺ വാങ്ങിക്കുകയും ചെയ്തു. നിഷ്കളങ്കമായി ചെയ്ത കാര്യമായതിനാൽ പോലീസ് കേസെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: