തിരുവനന്തപുരം: ദുരന്ത നിവാരണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അടിസ്ഥാന ധാരണയില്ല എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്നാല്‍ അടിസ്ഥാന ധാരണയില്ലാത്തത് മുഖ്യമന്ത്രിക്കാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍.
ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഹൈക്കോടതിയില്‍ നിന്നേറ്റ അടിയുടെ ജാള്യത മറയ്‌ക്കാന്‍ അസത്യങ്ങള്‍ എഴുതിവായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കരുതലും കൈത്താങ്ങും വാക്കിലല്ല പ്രവര്‍ത്തിയിലാണ് ഉണ്ടാകേണ്ടതെന്നും മുരളീധരന്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.
കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ മുരളീധരന്‍ വിവിധ ചോദ്യങ്ങളുയര്‍ത്തി.
- സംസ്ഥാനത്ത് പോയവര്‍ഷങ്ങളില്‍ ആകെയുണ്ടായ ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങള്‍ എത്ര? ഇതില്‍ ദുരന്തനിവാരണഫണ്ടില്‍ നിന്ന് എവിടെയെല്ലാം ഇനി പണം ചെലവിടാനുണ്ട്?
- മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് സംസ്ഥാനദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവഴിച്ചു, ഇനിയെത്ര കൊടുക്കാനാകും?
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നല്കിയ 70 കോടിയടക്കം (ആകെ 658 കോടി) ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ എന്താണ് തടസം?
- സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസമെടുത്ത് തയാറാക്കിയ 538 പേജ് പിഡിഎന്‍എ റിപ്പോര്‍ട്ട് പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം വേണ്ടേ?
- പിഡിഎന്‍എ പ്രകാരം പുനര്‍നിര്‍മാണത്തിന് പണം ലഭിച്ചാലും ദുരന്തബാധിതര്‍ക്ക് വീടുവച്ച് നല്കാന്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടോ?
- ദേശീയദുരന്തനിവാരണ നിയമത്തിന്റെ പതിമൂന്നാം വകുപ്പുപ്രകാരം ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെടുമ്പോള്‍ എത്ര കടം എഴുതിത്തള്ളാനുണ്ട് എന്ന കണക്ക് ബാങ്കേഴ്‌സ് സമിതിക്ക് കൊടുത്തിട്ടുണ്ടോ? കണക്ക് പുറത്തുവിടുമോ?
- ആഗസ്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയെന്ന് പറയുന്ന നിവേദനത്തില്‍ ഒരു ശവസംസ്‌കാരത്തിന് 75,000 രൂപ ചെലവിട്ടു എന്നതടക്കമല്ലേ എഴുതിയിരിക്കുന്നത്? അത് വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?
- കേരളത്തിനുള്ള എസ്ഡിആര്‍എഫ് വിഹിതത്തിന്റെ ഗഡുക്കളായ 145.60 കോടി ജൂലൈ 31നും ഒക്ടോബര്‍ ഒന്നിനും നല്കി. മന്ത്രിതലസമിതി റിപ്പോര്‍ട്ട് പ്രകാരം 153 കോടിയും നല്കി. ഒക്ടോബറില്‍ നല്കിയത് ഡിസംബറില്‍ നല്‌കേണ്ട തുകയാണ്. ഇതാണോ രാഷ്‌ട്രീയ വിരോധം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: