ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു പ്രതിപക്ഷമുന്നണി എന്ന ഇന്ത്യാമുന്നണിയുടെ അജണ്ടയ്ക്ക് തുരുമ്പെടുത്തിരിക്കുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നൊന്നായി ഇന്ത്യാ മുന്നണിയുടെ നേതൃസ്ഥാനത്തിലേക്ക് മമത ബാനര്‍ജി വരണമെന്നും രാഹുല്‍ ഗാന്ധിയെ ഒഴിവാക്കണമെന്നും ആവശ്യം ഉയര്‍ത്തുകയാണ്.
ശരത് പവാറിന് പിന്നാലെ ബീഹാറിലെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും രാഹുലിന് പകരം മമത ബാനര്‍ജി ഇന്ത്യാ മുന്നണിയുടെ നേതൃപദവിയിലേക്ക് എത്തണമെന്ന് പരസ്യമായി ആവശ്യം ഉയര്‍ത്തിയിരിക്കുന്നു. ഇതോടെ പ്രതിപക്ഷത്ത് വല്ല്യേട്ടന് പദവി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടേക്കും. ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും ഇന്ത്യയിലെ മേധാവിത്വമാണ് ഇതോടെ തകരുക.
ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്. മാത്രമല്ല, ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാദിവസവും സഭാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ രീതികളോട് യോജിക്കാന്‍ കഴിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. മോദിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നാണ് മമതയും ശരത് പവാറും ലാലു പ്രസാദ് യാദവും പറയുന്നത്. ഇതാണ് രാഹുല്‍ ഗാന്ധിയെ മാറ്റാനുള്ള നീക്കം ശക്തിപ്പെടുന്നതിന് പിന്നില്‍.
എന്തായാലും ഇതോടെ ഗാന്ധി കുടുംബത്തിന് പ്രതിപക്ഷപാര്‍ട്ടികളുടെ മേലുള്ള മേധാവിത്വം നഷ്ടപ്പെടുകയാണ്. കോണ്‍ഗ്രസ് അനുദിനം ദുര്‍ബലമാവുകയാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ 28 സംസ്ഥാനങ്ങളില്‍ 22 എണ്ണം ബിജെപിയുടെ കൈകളിലാണിപ്പോള്‍. കോണ്‍ഗ്രസ് ദുര്‍ബലമാവുന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയ്ക്കും സോണിയാഗാന്ധിയ്ക്കും എതിരായ രാജ്യദ്രോഹകുറ്റം ചെയ്യുന്നുവെന്ന വിമര്‍ശനം ബിജെപി ശക്തിപ്പെടുത്തിയിരിക്കുകയാണ്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസിന് വേണ്ടി, ഇന്ത്യയെ രാഷ്ട്രീയമായും സാമ്പത്തികമായും തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധി കൂട്ടുനില്‍ക്കുന്നു എന്നതാണ് ഒരു ആരോപണം. അതുപോലെ സിഖ് വിഘടനവാദപ്രസ്ഥാനമായ ഖലിസ്ഥാനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ശക്തമാണ്. മറ്റൊന്ന് കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് (എഫ് ഡിഎല്‍ എപി) ഫൗണ്ടേഷന് എന്ന സംഘടനയുടെ സഹ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്നത് സോണിയാഗാന്ധിയാണ്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ആണ്. സോണിയാഗാന്ധി ഉപാധ്യക്ഷയായ ജോര്‍ജ്ജ് സോറോസ് ഫണ്ട് ചെയ്യുന്ന ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് കശ്മീരിനെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റാനുള്ള അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: