ന്യൂദൽഹി : ഗരം ധരം ധാബ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്രയ്‌ക്കും മറ്റ് രണ്ട് പേർക്കും ദൽഹി കോടതി സമൻസ് അയച്ചു. പരാതിക്കാരന്റെ അഭിഭാഷകനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഹോട്ടൽ
ഫ്രാഞ്ചൈസിയിൽ നിക്ഷേപം നടത്താൻ തന്നെ വശീകരിച്ചു പണം തട്ടി എന്നാരോപിച്ച് ദൽഹിയിലെ വ്യവസായി സുശീൽ കുമാർ നൽകിയ പരാതിയിലാണ് 89 കാരനായ നടനെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് യഷ്ദീപ് ചാഹൽ ഉത്തരവിട്ടതെന്ന് അഭിഭാഷകൻ ഡി ഡി പാണ്ഡെ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുറ്റാരോപിതരായ വ്യക്തികൾ പരാതിക്കാരനെ പ്രേരിപ്പിച്ചത് അവരുടെ പൊതു ഉദ്ദേശലക്ഷ്യത്തിന് വേണ്ടിയാണെന്നും വഞ്ചനയുടെ ചേരുവകൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജഡ്ജി ഡിസംബർ 5 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.
വഞ്ചനയ്‌ക്കും ക്രിമിനൽ ഗൂഢാലോചനയ്‌ക്കും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പറഞ്ഞ ജഡ്ജി ഫെബ്രുവരി 20 ന് കോടതിയിൽ ഹാജരാകാൻ പ്രതികളോട് നിർദ്ദേശിച്ചു. ഗരം ധരം ധാബയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രസ്തുത ഭക്ഷണശാലയുടെ ലോഗോ ഉണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
കക്ഷികൾ തമ്മിലുള്ള ഇടപാട് ഗരം ധരം ധാബയുമായി ബന്ധപ്പെട്ടതാണെന്നും കുറ്റാരോപിതനായ ധർമ്മേന്ദ്രയ്‌ക്ക് വേണ്ടി കൂട്ടുപ്രതികൾ വഞ്ചന കാട്ടിയെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതി പ്രകാരം, 2018 ഏപ്രിലിൽ, ഉത്തർപ്രദേശിലെ എൻഎച്ചിൽ ഗരം ധർമ്മ ധാബയുടെ ഒരു ഫ്രാഞ്ചൈസി തുറക്കാനുള്ള വാഗ്ദാനവുമായി ധർമ്മേന്ദ്രയ്‌ക്ക് വേണ്ടി സഹപ്രതി പരാതിക്കാരനെ സമീപിച്ചിരുന്നു.
തുടർന്ന് 2018 സെപ്റ്റംബറിൽ 17.70 ലക്ഷം രൂപയുടെ ചെക്ക് താൻ കൈമാറിയതായി പരാതിക്കാരൻ പറഞ്ഞു. എന്നാൽ പിന്നീട് പ്രതി തന്നോട് പ്രതികരിക്കുന്നത് നിർത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: