പട്‌ന : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയെ ഇൻഡി സഖ്യത്തെ നയിക്കാൻ അനുവദിക്കണമെന്ന് ആർജെഡി മേധാവി ലാലു പ്രസാദ്. സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള ആഗ്രഹം ബാനർജി പ്രകടിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. പക്ഷം പിടിക്കാൻ ലാലു എത്തിയതോടെ സഖ്യത്തിന്റെ ഉള്ളിൽ ചേരിപ്പോരുകൾ തുടങ്ങിയെന്ന് വേണം വിലയിരുത്താൻ.
ഇൻഡി ബ്ലോക്കിന്റെ പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന് ബാനർജിയെ പ്രതിപക്ഷ മുന്നണിയുടെ നേതാവായി അംഗീകരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും ധാരണ ഉണ്ടെങ്കിൽ അതിന് ഒരു മാറ്റവും വരുത്തരുതെന്നും ലാലു പറഞ്ഞു. ഇൻഡി ബ്ലോക്കിന്റെ തലപ്പത്ത് മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി മേധാവി ഉറപ്പിച്ചു പറഞ്ഞു.
നേരത്തെ ലാലുവിന്റെ മകനും മുതിർന്ന ആർജെഡി നേതാവുമായ തേജസ്വി യാദവ്, മമത ബാനർജി ഉൾപ്പെടെയുള്ള ഇൻഡി ബ്ലോക്കിലെ മുതിർന്ന നേതാക്കൾ സഖ്യത്തെ നയിക്കുന്നതിൽ എതിർപ്പില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ സമവായത്തിലൂടെ തീരുമാനത്തിലെത്തണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേ സമയം മമത ബാനർജി ഡിസംബർ 6 ന് ഇൻഡി ബ്ലോക്കിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. അവസരം ലഭിച്ചാൽ സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള തന്റെ ഉദ്ദേശ്യവും അവർ സൂചിപ്പിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടരുമ്പോൾ പ്രതിപക്ഷ മുന്നണിയുടെ ഇരട്ട ഉത്തരവാദിത്തം തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് തൃണമൂൽ കോൺഗ്രസ് മേധാവി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: