വാഷിങ്‌ടൺ : ഇന്ത്യൻ വംശജ ഹർമീത് കെ ധില്ലൻ അമേരിക്കയിൽ നിയമ വകുപ്പിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്‍റ് അറ്റോർണി ജനറൽ. നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. തന്റെ രണ്ടാം ഭരണകൂടത്തിലെ പ്രധാന പദവികളില്‍ ട്രംപ് നിയമിക്കുന്ന നാലാമത്തെ ഇന്ത്യന്‍ വംശജയാണ് ഹര്‍മീത്.
ഹർമീത് കെ ധില്ലനെ യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്‍റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്യുന്നതിൽ താന്‍ സന്തുഷ്‌ടനാണെന്ന് ട്രംപ് പറഞ്ഞു. ‘പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഹർമീത് എന്നും നിലകൊണ്ടിട്ടുണ്ട്. രാജ്യത്തെ മികച്ച തെരഞ്ഞെടുപ്പ് അഭിഭാഷകരിൽ ഒരാളാണ് ഹർമീത്. പുതിയ റോളിൽ, ഹർമീത് നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ അശ്രാന്തമായ സംരക്ഷകയായിരിക്കുമെ’ന്നും ട്രംപ് പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ തലപ്പത്ത് നിയമിച്ച ഡോ. ജയ് ഭട്ടാചാര്യ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ വിവേക് രാമസ്വാമി, എഫ്.ബി.ഐ. ഡയറക്ടറായി കാഷ് പട്ടേല്‍ എന്നിവരാണ് ട്രംപ് നേരത്തേ നിയമിച്ച ഇന്ത്യന്‍ വംശജര്‍. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഒന്നിച്ച് പ്രാര്‍ഥിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്കായി നിലകൊണ്ടത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിലെ നിലപാടുകളെ പേരില്‍ ട്രംപ് ഹര്‍മീത് ദില്ലനെ പ്രശംസിച്ചു.
സിഖ് വംശജയായ ഹർമീത് കെ ധില്ലന്‍ ഡാർട്ട്‌മൗത്ത് കോളേജിൽ നിന്നും വിർജീനിയ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. യു.എസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലർക്ക് ആയിരുന്നു ഹർമീത്. ഈ വർഷം ജൂലൈയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ സിഖ് പ്രാര്‍ഥനയായ അർദാസ് ചൊല്ലിയതിനെ തുടർന്ന് ഹര്‍മീത് വംശീയ ആക്രമണം നേരിട്ടു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഹര്‍മീത് പരാജയപ്പെട്ടിരുന്നു.
ചണ്ഡീഗഢിൽ ജനിച്ച ധില്ലൻ തന്റെ ചെറുപ്പ കാലത്താണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്നത്. 2016-ൽ, ക്ലീവ്‌ലാൻഡിൽ നടന്ന ജിഒപി കൺവെൻഷന്റെ വേദിയിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജയായിരുന്നു ഹര്‍മീത് കെ ധില്ലന്‍. അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഹര്‍മീത് ദില്ലൻ പ്രതികരിച്ചു. തന്റെ മാതാപിതാക്കളുടേയും സഹോദരന്റേയും ഭര്‍ത്താവിന്റേയും പിന്തുണയില്ലാതെ ഈ നിലയിലെത്താന്‍ കഴിയില്ലായിരുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: