മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലേക്ക് സന്ദേശം അയച്ച യുവാവിനെ രാജസ്ഥാനിലെ അജ്മീറിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശിയായ മുഹമ്മദ് നദീം ബെയ്ഗ് മിർസയെയാണ് വർളി പോലീസ് സംഘം പിടികൂടിയത്.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ടർണറായി ജോലി ചെയ്യുന്ന മിർസ മദ്യം കഴിച്ച് ജോലിക്ക് വന്നതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ സ്ഥാപന ഉടമ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായിരുന്ന അയാൾ ശനിയാഴ്ച മുംബൈ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലേക്ക് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് വർളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാങ്കേതിക പിന്തുണയുടെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയും അജ്മീറിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഇയാളെ ഹാജരാക്കും. അതേ സമയം കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: