കവിയും ധീരദേശാഭിമാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ( 1882 -1921) ജന്മദിനമാണ് ഡിസം. 11. തമിഴ്, സംസ്‌കൃതം ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങി മുപ്പതോളം ഭാഷകളില്‍ നിപുണനായിരുന്നു അദ്ദേഹം. സമന്വയത്തിന്റെ പ്രവാചകനും മനുഷ്യാവകാശത്തിന്റെ പോരാളിയുമായിരുന്നു. വേദോപനിഷത്തുക്കളാകുന്ന പൗരസ്ത്യ വിജ്ഞാനവും നവോത്ഥാനത്തിന്റെ അലയൊലികള്‍ തീര്‍ത്ത പാശ്ചാത്യ സാഹിത്യവും ഒരുപോലെ വഴങ്ങിയിരുന്ന ഭാരതിയുടെ ദേശഭക്തിഗാനങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്നവയാണ്.
പാരിലേറ്റം നല്ല നാട്
നമ്മുടെ ഭാരതനാട്…
എല്ലാരുമൊരു കുലം
ഏവരുമൊരു ഗണം,
എല്ലാരുമിന്ത്യയുടെ മക്കള്‍. ഇങ്ങനെ സമത്വത്തിന്റെ സന്ദേശം ഉണര്‍ത്തിയ അദ്ദേഹം വന്ദേമാതരം രണ്ടു തരത്തില്‍ തമിഴ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.
നേടിയെടുക്കേണ്ട സ്വാതന്ത്ര്യം, വളരേണ്ട ഭാരതം, ഒഴിവാക്കേണ്ട സാമൂഹ്യ തിന്മകള്‍, ആത്മീയതയുടെ കരുത്തുനല്‍കി ജനങ്ങളെ ഉണര്‍ത്തേണ്ട ആവശ്യകത, സ്ത്രീ വിദ്യാഭ്യാസം ഇവയായിരുന്നു സുബ്രഹ്മണ്യ ഭാരതിയുടെ ജീവിതദൗത്യം. തിരുനെല്‍വേലി ജില്ലയിലെ എട്ടയപുരത്ത് ചിന്നസ്വാമി അയ്യരുടേയും ലക്ഷ്മിയുടേയും മകനായി പിറന്ന സുബ്ബയ്യ ഭാരതത്തോളം വളര്‍ന്നതിന് പ്രധാന കാരണം നാല് വര്‍ഷത്തെ കാശിയിലെ പഠനവും ദേശീയ നേതാക്കന്മാരുമായുള്ള സഹവര്‍ത്തിത്വവും ആയിരുന്നു. സ്വാതന്ത്ര്യത്തിന്റേയും സ്വദേശീ വിചാരത്തിന്റേയും കാഹളമുയര്‍ത്തിയ സ്വദേശി മിത്രന്‍ (1904-1906 ) പത്രത്തിന്റെ ലേഖകനായാണ് അദ്ദേഹം രാഷ്‌ട്രീയ ജീവിതത്തില്‍ സജീവമായത്.
ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ച കോണ്‍ഗ്രസിന് ദേശീയബോധം ഉണ്ടാക്കുന്നതിനും സ്വാതന്ത്ര്യ സമരത്തിന് ദിശാബോധം നല്‍കുന്നതിനും ഗണ്യമായ പങ്കു വഹിച്ചവരാണ് ബാലഗംഗാധര തിലകന്‍, അരവിന്ദഘോഷ്, വി.വി.എസ് അയ്യര്‍, സുബ്രഹ്മണ്യ ശിവ, കപ്പലോട്ടിയ തമിഴന്‍ എന്ന പേരില്‍ അറിയപ്പെട്ട വി.ഒ.ചിദംബരം പിള്ള എന്നിവര്‍. അവരൊടൊപ്പമുള്ള പ്രവര്‍ത്തനങ്ങളില്‍ പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കവി, പ്രഭാഷകന്‍ സംഘാടകന്‍ എന്നീ നിലകളില്‍ ഭാരതിയും സജീവമായിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. അവരുടെ സംഭാവനകള്‍ രാജ്യം ഒരിക്കലും മറക്കാനും പാടില്ല. പക്ഷേ അക്കാലത്ത് മിതവാദികളെന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസുകാര്‍, ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കൊപ്പം ചേര്‍ന്ന് തീവ്രവാദികളെന്നു പറഞ്ഞാണ് ധീര ദേശാഭിമാനികളായ ഇവരെ മുദ്രകുത്തിയത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഇതേ സമീപനം തുടര്‍ന്നു.
ഈ സാഹചര്യത്തിലാണ് അമൃതകാലത്തിലേക്ക് പ്രവേശിച്ച ഭാരതം ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ അമൂല്യമായ സംഭാവനകള്‍ നല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്ന ”ആസാദീ കാ അമൃത് മഹോത്സവ്” എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമായ ഡിസംബര്‍ 11 ഭാരതീയ ഭാഷാദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ആരംഭിച്ച ഭാരതി പഠനകേന്ദ്രം, കാശി- തമിഴ് സംഗമം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.
ആദി ശിവനാണ്
സൃഷ്ടിച്ചതെന്നെ…
ആളും മൊഴികള്‍
തന്നുള്ളില്‍ ഞാന്‍ ദിവ്യമാം
ആര്യഭാഷക്കൊപ്പം തന്നെ വാണു.
ആര്യഭാഷയായ സംസ്‌കൃതത്തോടൊപ്പമാണ് അഗസ്ത്യര്‍ സ്ഫുടം ചെയ്‌തെടുത്ത തമിഴ്ഭാഷയും നിലനില്‍ക്കുന്നത്. ആദി ശിവനാണത്രേ തമിഴ് ഭാഷ അഗസ്ത്യന് പകര്‍ന്നു നല്‍കിയത്. സംസ്‌കൃത വ്യാകരണം മഹേശ്വരനാണ് പാണിനിക്ക് കൊടുത്തത്. ചുരുക്കത്തില്‍ സംസ്‌കൃതവും തമിഴും ഒരു ദൈവികമായ മൂലത്തില്‍ നിന്നാണ് വളര്‍ന്നതെന്ന ആശയമാണ് ഭാരതി പങ്കുവയ്‌ക്കുന്നത്. ‘നമ്മുടെ മാതൃഭൂമി 30 കോടി മുഖമുള്ളവളാണ്. ജീവനൊന്ന്. ഇവള്‍ പല ഭാഷയില്‍ സംസാരിക്കുന്നു. എന്നാലും ചിന്ത ഒന്ന്. ധര്‍മ്മം അനുഷ്ഠിച്ച് ലോകമര്യാദ പുലര്‍ത്തുന്നവള്‍’ എങ്കള്‍ തായ് എന്ന കൃതിയില്‍ സുബ്രഹ്മണ്യ ഭാരതി പറയുന്നതാണിത്.
ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല. അതൊരു സംസ്‌കാരവും, ദര്‍ശനവും, സ്വത്വത്തെ നിര്‍ണയിക്കുന്ന ഘടകവുമാണ്. ഒപ്പം പരസ്പരം ജനങ്ങളെ ഐക്യത്തോടെ നിലനിര്‍ത്തുന്ന കണ്ണിയുമാണ്. ഭാരത ഭാഷകളോടും സാഹിത്യത്തോടും ആഭിമുഖ്യം ഉണ്ടാവുകയും, വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മാതൃഭാഷയ്‌ക്കും പ്രാദേശിക ഭാഷയ്‌ക്കും പ്രാധാന്യം നല്‍കിയുമുള്ള വിദ്യാഭ്യാസ രീതിയാണ് നിലവില്‍ വരാന്‍ പോകുന്നത്. അതിലൂടെ കല, സാഹിത്യം, ഭാഷാ തുടങ്ങിയ മാനവിക വിഷയങ്ങളെ സ്‌നേഹിക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കുക എന്നതും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
വേദം പിറന്ന തമിഴ്‌നാട്, കവി കമ്പന്‍ പിറന്ന തമിഴ് നാട് എന്ന് പാടിയ ഭാരതി തമിഴ്‌നാട് അടക്കമുള്ള എല്ലാ പ്രദേശങ്ങളും ഭാരതമാതാവിന്റെ ചൈതന്യവത്തായ ഭാഗവും ഒരേ സംസ്‌കാരത്തിന്റെ അവകാശികളുമാണെന്ന സന്ദേശമാണ് പ്രഖ്യാപിച്ചത്.
ഭാരതിയെന്ന മനുഷ്യാവകാശ പോരാളി
ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിലുള്ള ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് 1948 ഡിസം.പത്തിനാണല്ലോ. യഥാര്‍ത്ഥത്തില്‍ ഇതിനൊക്കെ മുമ്പുതന്നെ മനുഷ്യാവകാശത്തിനും സ്ത്രീകളുടേയും കുട്ടികളുടേയും ദളിത് വിഭാഗങ്ങളുടേയും അവകാശങ്ങള്‍ക്കായും പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ഭാരതി. കീഴ്ജാതിക്കാരായി മുദ്രകുത്തപ്പെട്ടവര്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വിദ്യ നല്‍കി, ആചാരവും അനുഷ്ഠാനവും പഠിപ്പിച്ചു. പൂണൂല്‍ ധരിപ്പിച്ചു. അവരോടൊപ്പം നിത്യേന ഭക്ഷണം കഴിച്ചു.
സുബ്രഹ്മണ്യ ഭാരതി ജനിച്ചത് അയ്യര്‍ സമുദായത്തില്‍. തമിഴ് കൂടാതെ പഠിച്ചത് സംസ്‌കൃതവും വേദവുമായിരുന്നു. അതിനാല്‍ ബ്രാഹ്മണനായ ഭാരതി കീഴാളന്റെ ശത്രുവാണെന്ന് ദ്രാവിഡ വാദികള്‍ വിധിയെഴുതി. ദ്രാവിഡ നേതാവായിരുന്ന രാമസ്വാമി നായ്‌ക്കര്‍ ഭാരതീയാര്‍ക്കെതിരെ നടത്തിയ വിദ്വേഷം നിറഞ്ഞ ആക്ഷേപങ്ങള്‍ അതിന് തെളിവാണ്.
സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതിനാല്‍ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത് കടലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കി. അക്കാലത്ത് നിലവിലിരുന്ന സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. വിപഌവകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ സുബ്രഹ്മണ്യ ഭാരതിക്ക് ശത്രുക്കളേറെയായിരുന്നു. അപ്പോഴൊക്കെ ”അച്ചമില്ലൈ അച്ചമില്ലൈ അച്ചമെന്‍പതില്ലൈയേ” എന്ന് നിര്‍ഭയമായി ഭാരതി പാടിയിരുന്നു. തലപ്പാവ് കെട്ടി കുങ്കുമക്കുറിയിട്ട് മേലോട്ട് പിരിച്ചുവെച്ച മീശയുമായി നെഞ്ചുവിരിച്ച് നിന്നുകൊണ്ട് ”നാന്‍ വിഴ്‌വേനെന്ന് നിനൈത്തായോ?’ എന്ന് ഗര്‍ജിക്കുന്ന ഭാരതിയുടെ ചിത്രമുണ്ട്. അത് യുവഭാരതത്തിന്റെ പ്രതീകമാണ്. അതുകൊണ്ടാണ് ഭാരതി ആധുനിക യുവതയുടെ ജീവിതപാഠമാകണം എന്ന് പലരും ചൂണ്ടിക്കാട്ടുന്നത്.
ഒരിക്കല്‍ മഹാത്മാഗാന്ധി സി. രാജഗോപാലാചാരിയോട് ഇദ്ദേഹം ആരാണെന്ന് ചോദിച്ചു. കവിയും ദേശാഭിമാനിയുമായ സുബ്രഹ്മണ്യ ഭാരതി തമിഴകത്തിന്റെ സ്വന്തമാണെന്ന് മറുപടി പറഞ്ഞു. ഇദ്ദേഹം തമിഴകത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സ്വന്തമാണെന്ന് പറഞ്ഞ് ഗാന്ധിജി തിരുത്തി. പില്‍ക്കാലത്ത് ഗാന്ധിജിയും രാജഗോപാലാചാരിയും സുബ്രഹ്മണ്യ ഭാരതിയുടെ ആശയങ്ങള്‍ പല അവസരങ്ങളിലും ഉദ്ധരിച്ചിരുന്നു.
തമിഴിലെ പത്രഭാഷാ, ചെറുകഥ, വിവര്‍ത്തനം, ദേശഭക്തിഗാനം , നാടോടിപാട്ടുകള്‍, ലേഖനം, ശിശുഗീതം തുടങ്ങിയ മേഖലകളില്‍ പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് ഭാരതിയാണ്. ഇന്നും തമിഴകത്തിന്റെ വ്യവഹാരങ്ങളില്‍ സുബ്രഹ്മണ്യ ഭാരതി ഒരു വികാരമാണ്. സിനിമ, സംഗീത സദസ്, സ്ത്രീ വിമോചനം, രാഷ്‌ട്രീയം, വിദ്യാഭ്യാസം, ഭക്തി തുടങ്ങി എന്തുമാകാം. അവിടെയൊക്കെ ഭാരതി പുനര്‍ജനിക്കുന്ന കാഴ്ച ഇന്നും അത്ഭുതമാണ്. ഭാരതത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമായ കാശിയില്‍ താമസിച്ച് സംസ്‌കൃതവും വേദവും ഉപനിഷത്തുക്കളും പഠിച്ചതിന് ശേഷമാണ് ആദി സംഘ തമിഴ് പെരുമ വാനോളം ഉയര്‍ത്തിയ മധുരയിലെ സേതുപതി സ്‌കൂളില്‍ തമിഴ് അധ്യാപകനായി ചേരുന്നത്. പിന്നീടാണ് മദ്രാസ് കേന്ദ്രമാക്കി പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, കവി എന്നീ നിലകളില്‍ സജീവമാകുന്നത്.
ഭാരതിയാര്‍ എന്ന പദം പിരിച്ചാല്‍ ഭാരതിയാര്‍? ആരാണ് ഭാരതി എന്ന ചോദ്യമാണ് തെളിഞ്ഞു വരുന്നത്. അതിനുള്ള ഉത്തരം ഭാരതം എന്താണ് എന്നതിന്റെ കൂടി ഉത്തരമാണ്. ഭാരതിയെ അറിഞ്ഞാല്‍ ഭാരതത്തെ അറിയാം എന്ന ചൊല്ല് അങ്ങനെയാണ് ഉണ്ടായത്.
ബഹുമുഖ പ്രതിഭയായ സുബ്രഹ്മണ്യ ഭാരതി ആരാണെന്ന് പലരും വരച്ചു കാട്ടിയിട്ടുണ്ട്. അവയെല്ലാം സംക്ഷേപിച്ചാല്‍ ഇങ്ങനെ പറയാം.
സ്വാതന്ത്ര്യ സമര സേനാനിയും ദേശീയവാദിയും, വേദാന്ത ഹ്യൂമനിസ്റ്റും അദൈ്വത ചിന്തകനും, നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവും, ബഹുഭാഷാ വിജ്ഞാനിയും സാഹിത്യ സമ്രാട്ടും, രാഷ്‌ട്രീയ മാധ്യമപ്രവര്‍ത്തകനും ആത്മീയ സാധകനും, ദേശീയതയുടെ കവിയും ദേശശില്പിയും, ഭാഷാ വിവര്‍ത്തകനും സാമൂഹിക വിമര്‍ശകനും, തമിഴിന്റെ വക്താവും സംസ്‌കൃത പണ്ഡിതനും, സ്ത്രീപക്ഷ ചിന്തകനും ദളിത് വിമോചകനും, സ്വദേശി നേതാവും സ്വരാജ്യസ്‌നേഹിയും… അങ്ങനെ പലതുമാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി. ഭാരതത്തിന്റെ യഥാര്‍ത്ഥ ശക്തിയെ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാംസ്‌കാരിക സംരക്ഷണത്തിനും, ദേശീയ ഐക്യത്തിനും അതുല്യമായ സംഭാവനയാണ് ഭാരതീയാര്‍ നല്‍കിയത്. അദ്ദേഹത്തിന്റെ രചനകളായ ഭാരതഗീതങ്ങള്‍, സ്വാതന്ത്ര്യഗീതങ്ങള്‍,തമിഴ് ഗീതങ്ങള്‍, ജ്ഞാനഗീതങ്ങള്‍, ഭക്തിഗീതങ്ങള്‍, ലേഖനങ്ങള്‍ എന്നിവയിലെല്ലാം മേല്‍പ്പറഞ്ഞ സവിശേഷമായ ആശയങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്
(സംസ്‌കൃത ഭാഷാ ഉന്നതാധികാര സമിതിയംഗം (വിദ്യാഭ്യാസ മന്ത്രാലയം) ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: