ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഭാരതത്തിലുണ്ടായ മാറ്റം അഭിമാനകരം എന്നുമാത്രമല്ല വികസനക്കുതിപ്പിന്റ ആധാരവും ആയിരിക്കുന്നു. ജി20 പോലുള്ള അന്താരാഷ്ട്ര വേദികളും യുഎന്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ സംഘടനകളും വിദേശ മാധ്യമങ്ങളും ക്ലൗഡ് കംപ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ്, ഡിജിറ്റല്‍ ഭരണസംവിധാനം, യുപിഐ, ഡിജിലോക്കര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തുകയാണ്. സാങ്കേതിക പുരോഗതിയിലൂടെ ഭാരതം ആഗോള ഡിജിറ്റല്‍ നേതൃത്വമായി മാറിയിരിക്കുന്നു. ഡിജിറ്റല്‍ പൊതുസൗകര്യങ്ങളിലെ നൂതന സംരംഭങ്ങളും ഡാറ്റാ സെന്ററുകളുടെ വ്യാപനവും ലോകത്തിന് മാതൃകയാണ്.
ഡാറ്റാ സെന്ററുകളുടെ വ്യാപനമാണ് ഭാരതത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ദല്‍ഹി, പൂനെ, ഭുവനേശ്വര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ദേശീയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാരിന്റെ സേവനങ്ങള്‍ സുരക്ഷിതവും വേഗതയേറിയതുമാക്കി. ഡിജിറ്റല്‍ പൊതുസൗകര്യങ്ങള്‍ ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ വിജയത്തിന്റെ അടിസ്ഥാനമാണ്. ആധാര്‍, യുപിഐ, ഡിജിലോക്കര്‍, ദിക്ഷ(ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ നോളജ് ഷെയറിങ്), ജിഇ മാര്‍ക്കറ്റ്, ഉമങ്, കൊ-വിന് തുടങ്ങിയ പ്ലാറ്റ്ഫോമുകള് നല്കുന്ന സേവനം ഭാരതത്തിന്റെ ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കം കൂട്ടി. 2016ല്‍ യുപിഐ സംരംഭം ആരംഭിച്ചതോടെ 300 ദശലക്ഷം ആളുകളും 50 ദശലക്ഷം വ്യാപാരികളും ഇതിന്റെ ഭാഗമായി. 2023 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, ഭാരതത്തിലെ 75 ശതമാനം റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകളും യുപിഐ വഴിയായിരുന്നു. ഡിജിലോക്കര്‍ വഴി 776 കോടി ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കി.
ക്ലൗഡ് സേവനങ്ങള്‍ കരുത്തായിട്ടുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ നാഷണല്‍ ക്ലൗഡ് സാങ്കേതികതയുടെ വികസനവും മെച്ചപ്പെടുത്തലും വേഗതയില്‍ തുടരുന്നു. 300ലധികം സര്‍ക്കാര്‍ വകുപ്പുകള്‍ ഈ സേവനങ്ങള്‍ ഉപയോഗിച്ച് ഇ ഭരണ സംവിധാനം ശക്തമാക്കി. മേഘ്രാജ് പദ്ധതിയിലൂടെ കുത്തനെ വികസിക്കുന്ന ക്ലൗഡ് സേവനങ്ങള്‍ കേന്ദ്ര-സംസ്ഥാന തലങ്ങളിലൊക്കെ പ്രയോജനപ്പെടുന്നു. ഡിജിലോക്കര്‍, ഗവ് ഡ്രൈവ്, കോളാബ് ഫയല്‍സ്, ഗവ് ഇന്‍ട്രാനെറ്റ് പ്ലാറ്റ്ഫോമുകള് എന്നിവ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ പേപ്പര്‍ ഇല്ലാത്ത പ്രവര്‍ത്തന രീതികള്‍ പ്രോത്സാഹിപ്പിച്ചു. സുരക്ഷിതമായ ഡാറ്റാ സംഭരണം, ഫയല്‍ പങ്കുവയ്ക്കല്‍, എളുപ്പമുള്ള സേവനമെത്തല് എന്നിവയിലൂടെ ഏകോപനവും സാധ്യമായി. സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള മറ്റൊരു പ്രധാന സംരംഭമാണ് ന്യൂഏജ് ഗവേണന്‍സ് (ഉമങ്). ഉമങ് മൊബൈല്‍ ആപ്പ് മുഖേന 7.12 കോടി ആളുകള്‍ക്ക് 2,000ലധികം സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ രംഗത്തുള്ള ഭാരതത്തിന്റെ അനുഭവം സാമ്പത്തിക നവീകരണം ലക്ഷ്യമാക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകുന്നു. ലോകത്തിന്റെ പ്രത്യേകിച്ച് ദക്ഷിണ മേഖലയ്ക്ക് മാതൃകയായ ഭാരതം, തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ ഡിജിറ്റല്‍ സേവന മേഖലയില്‍ പുതിയ സാധ്യതകളുടെ കവാടം കൂടിയാണ് തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: