തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുമ്പോള്‍ സംസ്ഥാനത്ത് എസ്ഡിആര്‍ ഫണ്ടില്‍ 588.95 കോടി രൂപയുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ചു. പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ മേലെ കോടതി എന്തെങ്കിലും കാര്യങ്ങള്‍ പറയുന്നെന്നും മാധ്യമങ്ങള്‍ ഉടനെ അത് വലിയ വാര്‍ത്തയാക്കി മാറ്റുന്നെന്നും ഹൈക്കോടതി വിമര്‍ശനത്തെക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞു.
കണക്കുകള്‍ ഹൈക്കോടതിക്ക് നല്കുന്നതില്‍ സാവകാശം ചോദിക്കുക മാത്രമാണ് ചെയ്തത്. വിവിധ വകുപ്പുകളില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും ശേഖരിച്ച് കൊടുക്കേണ്ട മറുപടി ഒറ്റ ക്ലിക്കില്‍ കൊടുക്കാനാകില്ല. വിവരങ്ങള്‍ അപ്പോള്‍ത്തന്നെ കിട്ടണമെന്ന് കോടതി ആഗ്രഹിക്കുന്നു. വിവരങ്ങള്‍ കിട്ടാതെ വരുമ്പോള്‍ അവിടെയിരിക്കുന്ന കോടതിയുടെ ഭാഗമായിട്ടുള്ള ജസ്റ്റിസിന് പെട്ടെന്നുണ്ടാകുന്ന ഒരു വികാരത്തിന്റെ മേലെ എന്തെങ്കിലും കാര്യങ്ങള്‍ പറയുന്നു. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി മാറ്റുന്നു. ഹൈക്കോടതിക്ക് എന്തെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നുവന്നാല്‍ അത് കൊടുക്കാന്‍ സര്‍ക്കാര്‍ എപ്പോഴും ബാധ്യസ്ഥമാണ്. അത് ചെയ്യുക തന്നെ ചെയ്യും, മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈലൂം ചൂരല്‍മലയിലും ഉണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അമിത്ഷാ നടത്തിയത്. പിഡിഎന്‍എ റിപ്പോര്‍ട്ട് നല്കാനുള്ള സ്വാഭാവിക താമസമാണ് മൂന്നു മാസം. ആഗസ്ത് 17ന് കേരളം കേന്ദ്രത്തിനു നിവേദനം നല്കി. 1202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. നേരത്തേ നല്കിയ മെമ്മോറാണ്ടത്തിനു പുറമേ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് നടത്തുകയും വിശദമായ 583 പേജുള്ള റിപ്പോര്‍ട്ട് നവംബര്‍ 13ന് കേന്ദ്രത്തിനു നല്‍കിയരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: