പോര്‍ട്ട്എലിസബത്ത്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റില്‍ 109 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 348 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 238 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് രണ്ടാം ഇന്നിങ്സില്‍ ലങ്കയെ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 358 & 317, ശ്രീലങ്ക 328 & 238.
അഞ്ചിന് 205 റണ്‍സ് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങസ് പുനരാരംഭിച്ച ശ്രീലങ്കയ്‌ക്ക് 33 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 39 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന കുശാല്‍ മെന്‍ഡിസാണ് ഏഴു റണ്‍കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നലെ ആദ്യം പുറത്തായത്. 46 റണ്‍സെടുത്ത മെന്‍ഡിസിനെ കേശവ് മഹാരാജിന്റെ പന്തില്‍ മാര്‍ക്രം പിടികൂടി. അധികം കഴിയും മുന്നേ 50 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയെ റബാദ മടക്കിയതോടെ ശ്രീലങ്ക തോല്‍വിയുറപ്പിച്ചു. പിന്നീടെത്തയവരില്‍ ആരും മികച്ച സ്‌കോര്‍ കണ്ടെത്താതിരുന്നതോടെ ശ്രീലങ്കന്‍ ഇന്നിങ്‌സ് 238 റണ്‍സിലവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കേശവ് മഹാരാജിന് പുറമെ കഗിസോ റബാദയും ഡെയ്ന്‍ പാറ്റേഴ്‌സണും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പാറ്റേഴ്‌സണ് രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്‌ത്തി. പാറ്റേഴ്‌സണാണ് മാന്‍ ഓഫ് ദ മാച്ച്. ടെംബ ബാവുമയാണ് പരമ്പരയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: