ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഭാരതത്തിന് തിരിച്ചടി. അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായി. ഓസ്ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുത്തെങ്കിലും ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ തകര്‍ത്തതോടെ ഓസ്ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഓസ്ട്രേലിയയാണ് രണ്ടാമത്.
63.33 പോയിന്റ് ശതമാനത്തോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണുള്ളത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസ്ട്രേലിയയ്ക്ക് ഒമ്പത് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണുള്ളത്. 60.71 പോയിന്റ് ശതമാനവുമായാണ് ഓസീസ് രണ്ടാം സ്ഥാനത്ത്.
മൂന്നാം സ്ഥാനത്തുള്ള ഭാരതത്തിന്റെ പോയിന്റ് ശതമാനം 57.29 ആണ്. കളിച്ച 16 മത്സരങ്ങളില്‍ 9 എണ്ണം ജയിച്ചു. ആറ് തോല്‍വിയും ഒരു സമനിലയും. ശ്രീലങ്ക നാലാം സ്ഥാനത്താണ്. 11 മത്സരം കളിച്ച അവര്‍ അഞ്ചെണ്ണം ജയിച്ചു. ആറ് തോല്‍വിയും. 45.45 പോയിന്റ് ശതമാനം. ഇംഗ്ലണ്ട് (45.24), ന്യൂസിലന്‍ഡ് (44.23) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. പാകിസ്ഥാന്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍.
ആദ്യ രണ്ട് സ്ഥാനക്കാരാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ നേര്‍ക്കുനേര്‍ വരാനാണ് സാധ്യത.
അതേസമയം ഭാരതത്തിന്റെ സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മറ്റ് ടീമുകളെ ആശ്രയിക്കാതെ ഫൈനലിന് യോഗ്യത നേടണമെങ്കില്‍ ശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ ഒന്നില്‍ പോലും തോല്ക്കാന് പാടില്ല. മാത്രമല്ല, 60.52 പോയന്റ് ശതമാനം പൂര്‍ത്തിയാക്കാന്‍ പരമാവധി ഒരു സമനിലയും രണ്ട് മത്സരങ്ങള്‍ ജയിക്കുകയും വേണം. മൂന്ന് വിജയങ്ങളോടെ, രോഹിത്തിനും സംഘത്തിനും 64.05 പോയന്റ് ശതമാനമാവും. അത് ഓസ്ട്രേലിയയ്ക്ക് മറികടക്കാന്‍ കഴിയില്ല. 4-1ന് ജയിച്ചാല്‍ മറ്റു ടീമുകളെ ആശ്രയിക്കാതെ ഫൈനല്‍ കളിക്കാം.
ഇനി ഓസ്ട്രേലിയയെ 3-2ന് തോല്‍പ്പിച്ചാല്‍ ഭാരതത്തിന്റെ പോയന്റ് ശതമാനം 58.77 ആവും. എന്നാല്‍ ശ്രീലങ്ക, ഒരു മത്സരത്തിലെങ്കിലും ഓസ്ട്രേലിയയെ തോല്‍പ്പിക്കണം. പരമ്പര 2-2 സമനിലയില്‍ അവസാനിച്ചാല്‍ ശ്രീലങ്ക, ഓസീസിനെ രണ്ട് ടെസ്റ്റിലും തോല്‍പ്പിക്കണം. എങ്കില്‍ മാത്രമെ ഭാരതത്തിന് ഫൈനല്‍ കളിക്കാന്‍ കഴിയൂ. 3-2ന് പരമ്പര തോറ്റാലും നേരിയ സാധ്യതയുണ്ട്. ശ്രീലങ്കയും പാകിസ്ഥാനും യഥാക്രമം ഓസ്ട്രേലിയക്കും ദക്ഷണാഫ്രിക്കയ്ക്കും എതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: