ന്യൂദല്‍ഹി: വയോധികര്‍ക്ക് വരുമാന പരിധിയില്ലാതെ, അഞ്ചു ലക്ഷം രൂപ വരെ ചികിത്സ സൗജന്യമാക്കുന്ന പദ്ധതിക്ക് വന്‍ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 29നു തുടക്കം കുറിച്ച ആയുഷ്മാന്‍ വയ വന്ദന കാര്‍ഡുകള്‍ രണ്ടു മാസത്തിനുള്ളില്‍ 25 ലക്ഷം എന്ന നാഴികക്കല്ലിലെത്തി.
എഴുപതു വയസും കൂടുതലുമുള്ളവര്‍ക്ക് 40 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കിക്കഴിഞ്ഞു. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, ഇടുപ്പൊടിവ്/ മാറ്റിവയ്‌ക്കല്‍, പിത്ത സഞ്ചി നീക്കം ചെയ്യല്‍, തിമിര ശസ്ത്രക്രിയ, പ്രോസ്റ്റേറ്റ് റിസെക്ഷന്‍, പക്ഷാഘാതം, ഹീമോ ഡയാലിസിസ്, എന്ററിക് ഫീവര്‍, ജ്വര സംബന്ധമായ മറ്റു രോഗങ്ങള്‍ തുടങ്ങിയവയ്‌ക്ക് മുതിര്‍ന്ന പൗരന്മാര്‍ ചികിത്സ തേടി.
ഇതിനകം പദ്ധതിയുടെ കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം വരെ അധിക ടോപ്പ് അപ്പ് പരിരക്ഷ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്), എക്‌സ് സര്‍വീസ്‌മെന്‍ പങ്കാളിത്ത ആരോഗ്യ പദ്ധതി (ഇസിഎച്ച്എസ്), ആയുഷ്മാന്‍ കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലുള്ള പദ്ധതികളില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരതോ തെരഞ്ഞെടുക്കാം.
കൂടാതെ, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങള്‍ക്കും ആയുഷ്മാന്‍ ഭാരതില്‍ നിന്നു പ്രയോജനം നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: