അഹമ്മദാബാദ്:’മഹദ്വ്യക്തികളുടെ ഊര്‍ജം ലോകത്ത് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും സൃഷ്ടിക്കുന്നതിലും നൂറ്റാണ്ടുകളായി തുടരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഗുജറാത്തിലെ രാമകൃഷ്ണ മഠത്തില്‍ സ്വാമി പ്രേമാനന്ദ മഹാരാജിന്റെ ജന്മവാര്ഷിക പരിപാടിയില്‍ മോദി പറഞ്ഞു.
സന്ന്യാസിമാരുടെ അനുഗ്രഹവും ഗവണ്മെന്റിന്റെ ശ്രമങ്ങളും നയങ്ങളുമാണ് വികസനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ച് സമൂഹത്തിന്റെ ആവശ്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയമോദി, സാനന്ദ് സാമ്പത്തിക വികസനത്തോടൊപ്പം ആത്മീയ വികസനത്തിന്റെയും കേന്ദ്രമായി മാറണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. സന്തുലിത ജീവിതത്തിന് പണത്തിനൊപ്പം ആത്മീയതയും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ സന്ന്യാസിമാരുടെയും ഋഷിമാരുടെയും മാര്‍ഗനിര്‍ദേശപ്രകാരം സാനന്ദും ഗുജറാത്തും ഈ ദിശയില്‍ മുന്നേറുന്നതില്‍ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.
ഒരു വൃക്ഷത്തില്‍ നിന്നുള്ള ഫലത്തിന്റെ സാധ്യത അതിന്റെ വിത്തില്‍നിന്നു തിരിച്ചറിയുന്നുവെന്നു പരാമര്‍ശിച്ച പ്രധാനമന്ത്രി, രാമകൃഷ്ണ മഠം അത്തരമൊരു വൃക്ഷമാണെന്നും സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാനായ സന്ന്യാസിയുടെ അനന്തമായ ഊര്‍ജം അതിന്റെ വിത്തില്‍ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. ഇതാണ് അതിന്റെ തുടര്‍ച്ചയായ വിപുലീകരണത്തിന് പിന്നിലെ കാരണമെന്നും മനുഷ്യരാശിയില്‍ അത് ചെലുത്തുന്ന സ്വാധീനം അനന്തവും അതിരുകളില്ലാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമകൃഷ്ണ മഠത്തിന്റെ കാതലായ ആശയം മനസ്സിലാക്കണമെങ്കില്‍ സ്വാമി വിവേകാനന്ദനെ മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ജീവിക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിക്കാന്‍ പഠിച്ചപ്പോള്‍ ആ ആശയങ്ങള്‍ വഴികാട്ടിയായത് താന്‍ സ്വയം അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്റെ ചിന്തകള്‍ക്കൊപ്പം രാമകൃഷ്ണ മിഷനും അതിലെ സന്ന്യാസിമാരും തന്റെ ജീവിതത്തിന് ദിശാബോധം നല്‍കിയതെങ്ങനെയെന്ന് മഠത്തിലെ സന്യാസിമാര്‍ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ന്യാസിമാരുടെ അനുഗ്രഹത്താല്‍ മിഷനുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളില്‍ താന്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് മോദി പറഞ്ഞു. പൂജ്യ സ്വാമി ആത്മസ്ഥാനാനന്ദ് ജി മഹാരാജിന്റെ നേതൃത്വത്തില്‍ 2005ല്‍ വഡോദരയിലെ ദിലാറാം ബംഗ്ലാവ് രാമകൃഷ്ണ മിഷന് കൈമാറിയതിന്റെ ഓര്‍മകള്‍ അനുസ്മരിച്ച മോദി, സ്വാമി വിവേകാനന്ദനും അവിടെ സമയം ചെലവഴിച്ചിരുന്നതായി പറഞ്ഞു.
കാലക്രമേണ മിഷന്റെ പരിപാടികളുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചതു ചൂണ്ടിക്കാട്ടി, ഇന്ന് രാമകൃഷ്ണ മിഷന് ലോകമെമ്പാടും 280ലധികം ശാഖകളും ഇന്ത്യയില്‍ രാമകൃഷ്ണ തത്ത്വചിന്തയുമായി ബന്ധപ്പെട്ട 1200 ആശ്രമ കേന്ദ്രങ്ങളുമുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന് ഗുജറാത്തിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഷിക്കാഗോ ലോകമത സമ്മേളനത്തെക്കുറിച്ച് സ്വാമിജി ആദ്യമായി അറിയുന്നത് ഗുജറാത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല ഗ്രന്ഥങ്ങളും ആഴത്തില്‍ പഠിച്ച് വേദാന്ത പ്രചാരണത്തിന് തയ്യാറായത് ഗുജറാത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1891ല്‍ പോര്‍ബന്ദറിലെ ഭോജേശ്വര്‍ ഭവനില്‍ സ്വാമിജി മാസങ്ങളോളം താമസിച്ചിരുന്നുവെന്നും അന്നത്തെ ഗുജറാത്ത് ഗവണ്മെന്റ് ഈ കെട്ടിടം രാമകൃഷ്ണ മിഷന് സ്മാരക ക്ഷേത്രം പണിയാന്‍ നല്‍കിയെന്നും മോദി അഭിപ്രായപ്പെട്ടു
ആധുനിക ശാസ്ത്രത്തിനെ ഏറെ പിന്തുണച്ച വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദനെന്ന് പറഞ്ഞ പ്രധാനമന്ത്രി, ശാസ്ത്രത്തിന്റെ പ്രാധാന്യം വസ്തുക്കളുടെയോ സംഭവങ്ങളുടെയോ വിവരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും നമ്മെ പ്രചോദിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലുമാണ് ശാസ്ത്രത്തിന്റെ പ്രാധാന്യമെന്നും സ്വാമി വിവേകാനന്ദന് വിശ്വസിച്ചിരുന്നതായി പറഞ്ഞു.
ഭൂമിയെ മികച്ചതാക്കാന്‍ ഓര്‍ക്കേണ്ട രണ്ട് പ്രധാന ആശയങ്ങളായ ആത്മീയതയ്ക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ നല്കിയ പ്രധാനമന്ത്രി, ഈ രണ്ട് ആശയങ്ങളും സമന്വയിപ്പിച്ച് നമുക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന് ആത്മീയതയുടെ പ്രായോഗിക വശത്തിന് ഊന്നല്‍ നല്‍കിയിരുന്നെന്നും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന അത്തരം ആത്മീയതയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിന്തകളുടെ പരിശുദ്ധിക്കൊപ്പം പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും സ്വാമി വിവേകാനന്ദന് ഊന്നല്‍ നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയെ കരുത്തുറ്റതും സ്വയംപര്യാപ്തവുമായ രാജ്യമായി കാണാനാണ് സ്വാമി വിവേകാനന്ദന് ആഗ്രഹിച്ചത്’ മോദി പറഞ്ഞു, ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ദിശയിലേക്കു രാജ്യം ഇപ്പോള്‍ മുന്നേറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സ്വപ്നം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും കരുത്തുറ്റതും കഴിവുറ്റതുമായ ഇന്ത്യ ഒരിക്കല്‍കൂടി മാനവികതയ്ക്ക് ദിശാബോധം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി രാജ്യത്തെ ഓരോ പൗരനും രാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും ചിന്തകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: