രണ്ടുതവണ തുടര്‍ച്ചയായി അധികാരത്തിലേറിയ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധം മാത്രമല്ല, മനുഷ്യത്വ വിരുദ്ധം കൂടിയായ പ്രവര്‍ത്തന രീതിയാണ് ഇന്ന് വിലയിരുത്തുന്നത്. അധികാര വീര്യം തലയ്ക്ക് മത്ത് പിടിപ്പിച്ചിരിക്കുന്ന എന്ത് കാട്ടാളത്തവും മുട്ടാളത്തവും കാട്ടാന്‍ യാതൊരു മടിയും ഇല്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ ഈദി അമീനെ വെല്ലുന്ന നരഭോജികളായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം ഭരണത്തിന്റെ സുതാര്യതയും അഴിമതി രാഹിത്യവും എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്നതും ആയിരുന്നു. രാഷ്ട്രീയ സ്വാധീനത്തിനും വോട്ട് ബാങ്കിനും വേണ്ടി ഇത് പൂര്‍ണമായും തകര്‍ത്തെറിയുകയാണ് സിപിഎം ചെയ്തത്. പിഎസ്സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി നൂറു കണക്കിന് സിപിഎം പ്രവര്‍ത്തകരെ പിന്‍വാതില്‍ വഴി നിയമിച്ച് പൊതു നിയമനത്തിന്റെ പരിപാവനതയും സുതാര്യതയും ഇല്ലാതാക്കി. മെഡിക്കല്‍ കോളജുകളിലെയും ആശുപത്രികളിലെയും സെക്യൂരിറ്റി സ്റ്റാഫ് മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല നിയമനങ്ങള്‍ വരെ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും ആയി മാറ്റി. സര്‍വ്വകലാശാല അദ്ധ്യാപക നിയമനത്തില്‍ വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്കും പരിചയസമ്പത്തും മാറ്റിമറിച്ച പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ആയി വീതം വെച്ചപ്പോഴാണ് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപം കൊണ്ടത്. അവരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയും ഗവര്‍ണറും ഒക്കെ ഇടപെടേണ്ട സാഹചര്യവും ഉണ്ടായി. പെട്ടിയെടുപ്പുകാരും നേതാക്കളുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്തവരും വൈസ് ചാന്‍സലര്‍ മുതല്‍ രജിസ്ട്രാര്‍മാരും ഫൈനാന്‍സ് ഓഫീസര്‍മാരും ഒക്കെയായി സര്‍വകലാശാലകളില്‍ നിയമിക്കപ്പെട്ടു. അവര്‍ മെറിറ്റ് അട്ടിമറിച്ച് സര്‍വകലാശാലകളില്‍ എത്തി.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം സിപിഎമ്മിനെ സ്നേഹിച്ച് അതിനുള്ളില്‍ ഇന്നും നില്ക്കുന്ന സത്യസന്ധരായ, കറപുരളാത്ത പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാണ്. പാര്‍ട്ടി പ്രവര്‍ത്തകനായി പാര്‍ട്ടി സംഘടനയുടെ നേതാവായി പാര്‍ട്ടി പറയുന്നത് മാത്രം കേട്ട് പാര്‍ട്ടിക്ക് വേണ്ടി മാത്രം ജീവിച്ച നവീന്‍ ബാബു , അഹങ്കാരവും അധികാരവും തലയ്ക്കു പിടിച്ച ഒരു അസുര ജന്മത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ കൊഴിഞ്ഞുവീണപ്പോള്‍ പാര്‍ട്ടി സംവിധാനം ആര്‍ക്കൊപ്പം ആണ് നിന്നത്. ഇതുവരെ എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് തങ്ങള്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്ക് ഒപ്പമല്ല എന്നാണ്. പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവും ഒപ്പമുള്ളവരും പാര്‍ട്ടി നിലപാട് തിരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പാര്‍ട്ടിയിലെ അന്തിമ അധികാര കേന്ദ്രം താനാണെന്ന് ഗോവിന്ദന് പറഞ്ഞതോടെ പഞ്ചപുച്ഛമടക്കി നിശബ്ദമായി. എം.വി ഗോവിന്ദനും പിണറായി വിജയനും പറഞ്ഞതില്‍ സത്യത്തിന്റെ അംശം ഉണ്ടായിരുന്നെങ്കില്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം നല്‍കില്ലായിരുന്നു. സത്യം പുറത്തുവരുന്നത് നിഷ്പക്ഷമായ അന്വേഷണം നടക്കുന്നത് തടയാന്‍ അല്ലെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നത്. പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും അതിനു തടയിടാന്‍ ശ്രമിക്കുന്നത്. സിപിഎമ്മിന് ഇക്കാര്യത്തില്‍ എന്തോ മറയ്ക്കാനും ഒളിക്കാനും ഉണ്ട് എന്ന കാര്യം വ്യക്തമാണ്. മഞ്ജുഷയും കുടുംബവും മാത്രമല്ല, പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകരും കേരളത്തില്‍ ഉടനീളമുള്ള സത്യസന്ധരായ സിപിഎം പ്രവര്‍ത്തകരും ഈ നിലപാടില്‍ ഒരു പുനരാലോചനയ്ക്ക് തയ്യാറാകുമോ?ജീവിതകാലം മുഴുവന്‍ സിപിഎമ്മിന് ഒപ്പം നിന്ന നവീന്‍ ബാബുവിന് കിട്ടിയത് അനീതി മാത്രം. അദ്ദേഹത്തിന്റെ കുടുംബത്തിന് ചേതനയറ്റ ശരീരവും. മരണവും മരണത്തിന്റെ പിന്നിലെ ഗൂഢാലോചനയും ഒളിപ്പിക്കാന്‍ ഉള്ള സിപിഎം എത്രമാത്രം വേദനാജനകമായിരിക്കുമെന്ന കാര്യം ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഓര്‍ക്കേണ്ടതാണ്.
മലയാളത്തിന്റെ പ്രിയ കവി മധുസൂദനന് നായരുടെ പ്രസിദ്ധമായ വരികള്‍ ഉണ്ട്. ‘ ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഞാന്‍ ഒരു കോടി ഈശ്വര വിലാപം’ .കവിയുടെ ഈ വാക്കുകള്‍ എഴുതിയ കാലം മുതല്‍ മലയാളികളുടെ ഹൃദയത്തിന്റെ ദൈന്യതയാണ്. ഓരോ കുഞ്ഞില്‍ നിന്നും ഒഴുകിപ്പടരുന്ന കണ്ണുനീര് പാടുകള്‍ നല്ല മനസ്സുള്ള ഏതു മനുഷ്യനെയും ആര്ദ്രചിത്തരാക്കുന്നതാണ്. അതും ബാധകമല്ലാത്തത് കേരളത്തിലെ സിപിഎമ്മിന് മാത്രമാണ് . സംസ്ഥാന ശിശുക്ഷേമ സമിതി അനാഥത്വം പേറുന്ന കുഞ്ഞുങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. പക്ഷേ കുറേക്കാലമായി സംസ്ഥാന ശിശുക്ഷേമ സമിതി ജനശ്രദ്ധ ആകര്‍ഷിക്കുന്നത് ശിശു പീഡനം കൊണ്ടാണ്. ശിശുക്ഷേമ സമിതിയിലെ സെക്രട്ടറി മുതല്‍ ആയമാര്‍ വരെ എല്ലാ ഉദ്യോഗസ്ഥരെയും സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനത്തില്‍ മാത്രം നിയോഗിക്കുന്നതാണ്. അനാഥരായ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സനാഥത്വവും പരിരക്ഷയും സഹാനുഭൂതിയും പകരേണ്ട ആയമാര്‍ ശൂര്പ്പണഖകള് ആയി മാറിയിരിക്കുന്നു. പുരാണത്തിലെ ശൂര്‍പ്പണഖയുടെ നഖം മുറം പോലെയായിരുന്നു. പക്ഷേ ശൂര്‍പ്പണഖയ്ക്ക് പോലും ഇല്ലാത്ത ക്രൗര്യമാണ് ശിശുക്ഷേമ സമിതിയിലെ ആയ മാര്‍ക്ക് പാര്‍ട്ടി സംവിധാനം നല്‍കുന്നത്. കിടക്കയില്‍ മൂത്രമൊഴിച്ചു എന്ന് പറഞ്ഞ് രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിന്റെ ലൈംഗിക അവയവങ്ങള്‍ നഖം കൊണ്ട് കീറിമുറിച്ച് അപായകരമായ രീതിയില്‍ പരിക്കേല്‍പ്പിച്ച ആയമാരെ സംരക്ഷിച്ചു നിര്‍ത്തിയ സിപിഎമ്മിനെയും ശിശുക്ഷേമ സമിതിയുടെ പാര്‍ട്ടി സംവിധാനത്തെയും വിശേഷിപ്പിക്കാന്‍ എന്തു വാക്കാണ് ഉപയോഗിക്കാനാവുക. സഖാക്കളായ പോത്തന്‍കോട് അണ്ടൂര്‍ക്കോണം സ്വദേശിനി എ.കെ അജിത, അയിരൂപ്പാറ സ്വദേശിനി മഹേശ്വരി, കല്ലമ്പലം നാവായിക്കുളം മുല്ലനല്ലൂര്‍ സ്വദേശിനി സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അജിതയാണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം.
സംസ്ഥാന ശിശുക്ഷേമ സമിതി ദശാബ്ദങ്ങളായി സിപിഎം നേതൃത്വത്തിലാണ്. പാര്‍ട്ടിയില്‍ ഗുണ്ടാ സ്വഭാവമുണ്ടെന്ന് വിമര്‍ശിക്കപ്പെട്ടവരാണ് പലപ്പോഴും ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ എത്തിയിട്ടുള്ളത് എന്നും ആക്ഷേപമുണ്ട്. ഈ ആയമാരെ നിയമിക്കുന്നത് പിഎസ് സി വഴി അല്ല.103 ആയമാരില്‍ മതിയായ വിദ്യാഭ്യാസ യോഗ്യതയും പരിശീലനവും ഉള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. സിപിഎം അംഗത്വത്തിന്റെയും ബന്ധുബലത്തിന്റെയും അടിസ്ഥാനത്തില്‍ ജോലിയില്‍ എത്തിയവരാണ് ഭൂരിപക്ഷവും. മുഖ്യമന്ത്രി അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് നിയമനത്തിന്റെ അധികാരം. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തന്നെ ചേര്‍ന്നിട്ട് വര്‍ഷങ്ങളായി. നിയമനം നടത്തുന്നത് പിന്നീട് അംഗീകരിക്കുകയാണ് പതിവ് . എന്തുകൊണ്ട് ശിശുക്ഷേമ സമിതിയില്‍ യോഗ്യതയുള്ളവരെ നിയമിക്കാന്‍ നിയമനം പിഎസ് സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മടി കാണിക്കുന്നു. സര്‍ക്കാരിന്റെ ഗ്രാന്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ എന്തുകൊണ്ട് യോഗ്യതയുള്ളവരെ നിയമിക്കുന്നില്ല. ഇതിന് സമാധാനം പറയേണ്ടത് സിപിഎം സംവിധാനവും എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രി ആയതു കൊണ്ട് പ്രഥമദൃഷ്ട്യാ ഇക്കാര്യത്തിലെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണ്. നേരത്തെ ശിശുക്ഷേമ സമിതിയില്‍ ഉണ്ടായിട്ടുള്ള നിരവധി സംഭവങ്ങളിലും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ ഒരന്വേഷണത്തിലും റിപ്പോര്‍ട്ട് പുറത്തുവരികയോ നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.
സിപിഎമ്മിന്റെ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി കുറച്ചുകാലമായി അക്രമത്തിനും മുട്ടാളത്തത്തിനും കണ്ണൂര്‍ സഖാക്കളോട് മത്സരിക്കുകയാണ്. അവിടുത്തെ ഒരു നേതാവിന്റെ ധാരണ താന്‍ സ്റ്റാലിന് ആണെന്നാണ്. എന്തുമാകാം എന്തും ചെയ്യാം. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ എന്തെങ്കിലും പൊതുജന താല്പര്യമുള്ള പ്രശ്നങ്ങളില്‍ വാര്‍ത്ത എടുക്കാന്‍ വന്നാല്‍ അദ്ദേഹത്തിന്റെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ അവിടെനിന്ന് വാര്‍ത്ത എടുക്കാന്‍ ആവു. വഞ്ചിയൂര്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണെന്നാണ് ധാരണ. ഇതിന് പോലിസും വളം വയ്ക്കുന്നു. വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്റെ നേരെ മുന്നില്‍ പാളയം ഏരിയാ സമ്മേളനത്തിനായി റോഡ് ഒരുവശം കെട്ടിയടച്ച് ഗതാഗതം തിരിച്ചുവിട്ട് സമ്മേളന പന്തല്‍ ഒരുക്കിയതിന് കാവല്‍ നിന്നും ഗതാഗതം തിരിച്ചുവിട്ടു അടിമപ്പ ണിയെടുക്കുകയായിരുന്നു വഞ്ചിയൂര്‍ പോലീസ്. ജനത്തിനു മുഴുവന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയില്‍ നഗര ഹൃദയത്തില്‍ ഒരു റോഡ് അടച്ച് പാര്‍ട്ടി സമ്മേളനം നടത്താന്‍ വഞ്ചിയൂര്‍ പോലീസിന് എങ്ങനെ അനുമതി കൊടുക്കാന്‍ കഴിയും. പണ്ട് പിണറായി വിജയന് പറഞ്ഞതുപോലെ ഈ പോലീസ് ഉദ്യോഗസ്ഥരുടെ തല തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം രാത്രി 9 മണിക്കാണ് നിവൃത്തിയില്ലാതെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. സംസ്ഥാനത്തെ പോലീസ് സംവിധാനം സിപിഎം എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ സൂചനയാണിത്. പോലീസിന്റെ അനുമതി ഇല്ലാതെയാണ് സ്റ്റേജ് കെട്ടിയതെന്നും നിയമവിരുദ്ധമാണെന്ന പോലീസ് നിലപാട് വകവയ്ക്കാതെ സമ്മേളനം നടത്തി എന്നുമാണ് ഇപ്പോള്‍ പോലീസിന്റെ ഭാഷ്യം. നിയമവിരുദ്ധമായിട്ടാണെങ്കില്‍ സ്റ്റേജ് കെട്ടാന്‍ അനുവദിക്കാതെ അത് തടയാനാണ് പോലീസ് ശ്രമിക്കേണ്ടിയിരുന്നത് .പഴയ കളക്ടറേറ്റിനു മുന്നില്‍ രാവിലെ തന്നെ കയര്‍കെട്ടി വഴി തടഞ്ഞ് ഒരു പോലീസ് കോണ്‍സ്റ്റബിളിനെ വഴി തിരിച്ചുവിടാന്‍ നിര്‍ത്തിയത് വഞ്ചിയൂര്‍ എസ് എച്ച് ഒ അറിയാതെയാണോ. അത് കഴിഞ്ഞിട്ടാണല്ലോ അവിടെ സ്റ്റേജ് നിര്‍മാണം ആരംഭിച്ചത്. പോലീസിന്റെ സത്യസന്ധതക്കും നിഷ്പക്ഷതയ്ക്കും സുതാര്യതയ്ക്കും അപ്പുറത്തേക്ക് ഭരണകക്ഷിയുടെ രാഷ്ട്രീയം തലയ്ക്കു പിടിക്കുമ്പോള്‍ സത്യത്തിനു വേണ്ടി നിലപാട് എടുക്കാന്‍ കഴിയാതെ പോലീസ് അടിമകളാകുന്നു .
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ നിന്ന് വിളിപ്പാടകലെ യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ് ഐ ക്കാരന് ആയ ഭിന്നശേഷിക്കാരനെ എസ്എഫ്ഐ നേതാക്കള്‍ തന്നെ യൂണിവേഴ്സിറ്റിയിലെ കുപ്രസിദ്ധമായ ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച് തടങ്കലില്‍ വച്ചതാണ് മറ്റൊരു സംഭവം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്താണ് യൂണിവേഴ്സിറ്റി കോളജും അതിലെ ഇടിമുറിയും. ഇത്രകാലമായിട്ടും ഈ ഇടിമുറി ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു ഭരണം എന്ന് സാധാരണക്കാര്‍ ചോദിക്കുമ്പോള്‍ എന്തു മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഹെഡില്‍ മഡ്ഡുമായി (തലയില്‍ ചെളി)നടക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പറയാനുള്ളത്. കാലിന് സ്വാധീനക്കുറവുള്ള രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനെയാണ് യൂണിയന് ഓഫീസില്‍ ബന്ദിയാക്കി ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് അഫ്സലിനും തല്ലു കിട്ടി. എസ്എഫ്ഐയുടെ കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ കാലിന് പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. രണ്ടാമത് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ അതും നിഷേധിച്ചതോടെയാണ് വയ്യാത്ത കാലില്‍ ഷൂവിട്ടു ചവിട്ടുകയും ഇടിമുറിയില്‍ എത്തിച്ച് മര്‍ദ്ദിക്കുകയും ചെയ്തത്. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ അമല്‍ചന്ദ്, മിഥുന്, അലന് ജമാല്‍,വിധു ഉദയ എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ഒക്ടോബറില്‍ വനിതാ കെഎസ്യു നേതാവിന്റെ മുഖത്തടിച്ചതിനും എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടതോടെ കോളജിന്റെ അച്ചടക്ക സമിതിക്ക് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയാതെ വന്നു സംഭവത്തില്‍ അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് സൂചന.ഇവിടെയും യൂണിവേഴ്സിറ്റി കോളേജിലെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് നടപടിക്രമങ്ങള്‍ക്കും ചൂട്ടുപിടിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമാണ്. യൂണിവേഴ്സിറ്റി കോളജില്‍ എന്ത് കാട്ടിയാലും മതില് ചാടി നേരെ എകെജി സെന്ററില്‍ എത്തിയാല്‍ സുരക്ഷിതസ്ഥാനം ആയി .അവിടെ കേറി പരിശോധിക്കാനുള്ള ചങ്കുറപ്പ് ഒരു പോലീസുകാരനും ഐപിഎസുകാരനും ഇല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന സിപിഎമ്മിന് തന്നെയാണ്. പക്ഷേ ഒരു കാര്യം കേരളത്തിലെ സിപിഎം നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം.
നിങ്ങള്‍ കാട്ടുന്ന ഓരോ അനീതിയും ഓരോ അക്രമവും ജനാധിപത്യവിരുദ്ധമായി നടത്തുന്ന ഓരോ പ്രവൃത്തിയും മെറിറ്റും യോഗ്യതയും അട്ടിമറിച്ച് നടത്തുന്ന ബന്ധു നിയമനവും ഒക്കെ കേരളത്തിലെ പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുന്നു. പാര്‍ട്ടി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകര്‍ മറച്ചു വെച്ചാലും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് വാര്‍ത്താമാധ്യമങ്ങളിലൂടെയും ഇത് കേരളത്തിലെ പൊതുസമൂഹം കാണുന്നു എന്ന കാര്യം മനസ്സിലാക്കുക. നിക്കോളാസ് ചൗഷസ് ക്യൂവിനെ കാത്തിരുന്ന അതേ വിധി തന്നെയാണ് നിങ്ങളെയും കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് വരെ മാത്രമാണ് രാഷ്ട്രീയം. അത് കഴിഞ്ഞാല്‍ ഭരണം എല്ലാവരുടേതുമാണ്. എല്ലാവര്ക്കു വേണ്ടിയും ഉള്ളതാണ്. ഇന്ന് പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രമുള്ള ജീര്‍ണ്ണ സംവിധാനമായി ഭരണം മാറിയിട്ടുണ്ടെങ്കില്‍ അതിന് നിങ്ങള്‍ കൊടുക്കേണ്ടി വരുന്ന വില ബംഗാളിലെയും ത്രിപുരയിലെയും പതനത്തേക്കാള്‍ വലുതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: