നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന മുതല്‍ നിരവധി കാരണങ്ങളാല്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരന് തിരിച്ചടിയായി വൈദ്യുതി നിരക്ക് വര്‍ധനയും സംസ്ഥാന സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.വ്യാഴാഴ്ച മുതല്‍ 16 പൈസയുടെ വര്‍ധന പ്രാബല്യത്തിലായി. അടുത്ത വര്‍ഷം 12 പൈസ കൂടി വര്‍ധിക്കുമെന്നും തീരുമാനമായിട്ടുണ്ട്. പെട്ടിക്കടക്കാര്‍ മുതല്‍ ചെറുകിട- വന്‍കിട വ്യവസായങ്ങള്‍ വരെ ഈ വില വര്‍ധനവിന്റെ പ്രഹരത്തിന് ഇരകളാവും. ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും സാധാരണക്കാരന്റെ ജീവിതഭാരം താങ്ങാന്‍ പറ്റാത്ത വിധം വര്‍ധിക്കുമെന്നുറപ്പായിട്ടുണ്ട്. കാര്‍ഷിക മേഖലയിലും വര്‍ധന നടപ്പാക്കിക്കഴിഞ്ഞു. വരാനിരിക്കുന്ന രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ജനങ്ങളില്‍ നിന്ന് 850- 900 കോടി രൂപ നിരക്ക് വര്‍ധനയിലൂടെ ഊറ്റിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ നയവൈകല്യവും കെഎസ്ഇബിയിലെ അഴിമതിയും അനാസ്ഥയും സൃഷ്ടിച്ച നഷ്ടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തയാറായിരിക്കുന്നത്. 45000 കോടി രൂപയാണ് കെഎസ്ഇബിയുടെ നിലവിലെ നഷ്ടം കണക്കാക്കുന്നത്.1987 വരെ വൈദ്യുതോര്‍ജ്ജത്തില്‍ മിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് മറ്റെല്ലാ മേഖലകളെയും പോലെ ഊര്‍ജ്ജ ഉദ്പാദന രംഗത്തും കടുത്ത പ്രതിസന്ധിയെ നേരിടുന്നു. ഉപഭോഗം കുടുന്നതിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. 2023 വര്‍ഷത്തില്‍ 77.7 ശതമാനം വൈദ്യുതിയും കേരളത്തിന് പുറത്ത് നിന്ന് വാങ്ങിയതാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ രംഗത്തെ കേരളത്തിന്റെ തകര്‍ച്ചയുടെ ആഴം തിരിച്ചറിയാനാവുക. ഈ ചെലവിലേക്ക് 13200 കോടി രൂപയാണ് കേരളത്തിന് ചെലവഴിക്കേണ്ടി വന്നത്. 851 സിവില്‍ എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്ന ബോര്‍ഡില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 99 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കൂടുതലായി ഉത്പാദിപ്പിച്ചത്. 2009 ല്‍ കമ്മീഷന്‍ ചെയ്ത കുറ്റിയാടി അഡീഷണല്‍ എക്‌സ്‌ടെന്‍ഷന്‍ സ്‌കീമിന് ശേഷം ഇക്കഴിഞ്ഞ മാസം കമ്മീഷന്‍ ചെയ്ത തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി മാത്രമാണ് കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞത്. പൂര്‍ത്തീകരിക്കാത്ത നിരവധി ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കേരളത്തില്‍ ഉള്ളത്. 2009 ല്‍ 207 കോടി രൂപയ്‌ക്കാണ് തൊട്ടിയാര്‍ പദ്ധതിയുടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ പാതിവഴിയില്‍ നിലച്ച പദ്ധതിക്ക് 2018ല്‍ 280 കോടി രൂപയാക്കി എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു. വൈദ്യുത ഉത്പാദന രംഗത്തെ കേരളത്തിന്റെ കെടുകാര്യസ്ഥതയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് കേരളത്തിലുടനീളം കാണാന്‍ കഴിയുക. 45,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ കുറ്റകരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ളത്. സംസ്ഥാനത്ത് 3000 ടിഎംസി ജലം ലഭിക്കുന്നുണ്ടെങ്കിലും 300 ടി എംസി മാത്രമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത് എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
അധിക ജീവനക്കാര്‍, ജീവനക്കാരില്‍ ചില വിഭാഗത്തിന്റെ ശമ്പളനിരക്കിലെ അസമത്വം എന്നിവയും ബോര്‍ഡിനെ വലയ്‌ക്കുന്ന പ്രശ്‌നങ്ങളാണ്. ഏകപക്ഷീയമായി ബോര്‍ഡ് ശമ്പള വര്‍ധന നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന അധികബാധ്യതയുടെ ഭാരവും താങ്ങേണ്ടത് ഈ നാട്ടിലെ സാധാരണക്കാരാണ്. നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ ശമ്പള വര്‍ധന നടപ്പാക്കാവൂ എന്ന ചട്ടവും ഇവിടെ പരസ്യമായി ലംഘിക്കപ്പെടുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തി മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാത്രമേ ശമ്പള വര്‍ധന നടപ്പാക്കാവൂ എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് ബോര്‍ഡ് ശമ്പളം കുത്തനെ കൂട്ടിയത്. ബോര്‍ഡിന്റെ പ്രവര്‍ത്തന ചെലവ് 36.1 ശതമാനത്തില്‍ നിന്ന് 46.5 ശതമാനമായി ഉയര്‍ന്നതിന്റെ പ്രധാന കാരണം ഏകപക്ഷീയമായി നടപ്പാക്കിയ ശമ്പള വര്‍ധനവാണെന്ന് കാണാം. ശമ്പള പരിഷ്‌കരണം നടപ്പാക്കിയത് വഴി 1011 കോടി രൂപയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഇനത്തില്‍ 306.66 കോടി രൂപയും അനിയന്ത്രിതമായി ചെലവഴിച്ചെന്നാണ് സിഎജി കുറ്റപ്പെടുത്തിയത്.1995,2001, 2007, 2011, 2016 വര്‍ഷങ്ങളിലും ക്രമരഹിതമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കി.
ചുരുക്കത്തില്‍ സര്‍ക്കാരിന് കീഴില്‍ സ്വതന്ത്ര റിപ്പബഌക്കായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് അതിന്റെ കുഴി സ്വയം തോണ്ടുകയായിരുന്നു. വൈദ്യുത ഉത്പാദനം, വിതരണം എന്നിവയിലും ഹരിത ഊര്‍ജ്ജ ഉത്പാദനത്തിലും രാജ്യം ആഗോളമികവ് നേടുമ്പോഴാണ് കേരളം പിന്നാക്കം പൊയ്‌ക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ അതിവിപഌവകരമായ നടപടികളാണ് കൈക്കൊള്ളുന്നത്.
2023 ഡിസംബറില്‍ രാജ്യത്ത് സൗരോര്‍ജ്ജ സ്ഥാപിത ശേഷി ഏകദേശം 73.31 ജിഗാവാട്ടില്‍ എത്തിയിട്ടുണ്ട്. , 2023 ഡിസംബറിലെ കണക്കനുസരിച്ച് മേല്‍ക്കൂര സോളാര്‍ സ്ഥാപി
ത ശേഷി ഏകദേശം 11.08 ജിഗാവാട്ട് ആണ്. മൊത്തം സൗരോര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ 18.7 ജിഗാവാട്ടുമായി രാജസ്ഥാന്‍ ആണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. 10.5 ജിഗാവാട്ടുമായി ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. റൂഫ്ടോപ്പ് സോളാര്‍ കപ്പാസിറ്റിയുടെ കാര്യത്തില്‍, ഗുജറാത്ത് 2.8 ജിഗാവാട്ടുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തും മഹാരാഷ്‌ട്ര 1.7 ജിഗാവാട്ടുമായി രണ്ടാം സ്ഥാനത്തുമാണ്. ഇതൊന്നും ഉള്‍ക്കൊള്ളാനുളള ഭാവനാശേഷി പോലും കേരളത്തിലെ ഭരണാധികാരികള്‍ക്കില്ല. തങ്ങളുടെ അനാസ്ഥയുടെ പാപഭാരം അവര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇതിന് ശാശ്വത പരിഹാരമുണ്ടാകണമെങ്കില്‍ ഭാവനാസമ്പന്നവും കര്‍മ്മശേഷിയുമുള്ള ഒരു നവ നേതൃത്വം കേരളത്തിന് ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: