കൊല്ലം: ഒറ്റ രാത്രികൊണ്ട് സിപിഎം ഏരിയ സെക്രട്ടറി ബിജെപിയില്‍ എത്തിയെങ്കില്‍ സിപിഎമ്മിന് എവിടെയോ തെറ്റുപറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജില്ല കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാനം രാജേന്ദ്രന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമാണിമാരെ കാണുമ്പോള്‍ കവാത്തു മറക്കുന്ന, നക്കാപിച്ചയ്ക്കു വേണ്ടി പ്രത്യയശാസ്ത്രത്തെ മറക്കുന്നതല്ല കമ്യുണിസ്റ്റ് മൂല്യം. ചീത്തത്തരങ്ങള്‍ ചെയ്യാന്‍ പാടില്ല, ചീത്തപ്പണത്തിനു പിന്നാലെ പോകാന്‍ പാടില്ല എന്നൊക്കെ കമ്യുണിസ്റ്റുകാര്‍ക്ക് നിഷിധമായ കാര്യങ്ങള്‍ പണ്ടുണ്ടായിരുന്നു. ഇതിന്റെയെല്ലാം അങ്ങേയറ്റം വരെയാണ് ചിലഘട്ടങ്ങളില്‍ സിപിഎം പോകുന്നത്. ജാഗ്രത പാലിക്കാത്ത പക്ഷം സിപിഎമ്മിന്റെ ദൂഷ്യവശങ്ങള്‍ സിപിഐയിലും കടന്നു വരും. കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്കു കമ്യുണിസ്റ്റ് മൂല്യവും വേണം. ആ മൂല്യങ്ങളുടെ ശോഷണം കമ്യുണിസ്റ്റ് പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യും. വ്യത്യസ്തമായ പാര്‍ട്ടിയെന്നു തിരിച്ചറിഞ്ഞാല്‍ യഥാര്‍ത്ഥ കമ്യുണിസ്റ്റുകള്‍ സിപിഐയിലേക്കു വരും.
വിഭാഗീയത സിപിഐയുടെ ഗുണമല്ല, സിപിഎം കണ്ടുപിടിത്തങ്ങളാണിതെല്ലാം. സിപിഎം കണ്ടുപിടിച്ച കാര്യങ്ങള്‍ സിപിഐയ്ക്കു ചേരില്ല. ഇതു ചോര വേറെയാണ്, ഈ ചോരയ്ക്ക് ഇണങ്ങാത്ത ഒരു മാലിന്യവും സിപിഐയിലേക്കു കടന്നു വരാന്‍ പാടില്ല. ചര്‍ച്ചകള്‍ അനിവാര്യമാണെങ്കിലും അതിന്റെ പേരില്‍ സിപിഐയെ ദുര്‍ബലപ്പെടുത്തുന്ന വിഭാഗീയത പാടില്ല. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകള്‍ പകയോടെ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്ന രീതി തരംതാണതാണ്. ആഘോഷ വേളകളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ധൂര്‍ത്തിനെയും ബിനോയ് വിശ്വം വിമര്‍ശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: