കൊച്ചി: കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ വിശദീകരണവുമായി പ്രതികളായ മലയാളികള്‍. ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നുമാണ് വിശദീകരണം.
കൊവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാന്‍ കാരണം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരില്‍ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ടത് കൂടാതെ ആരോഗ്യപ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉള്ളവരുണ്ട്. നിലവിലെ സാഹചര്യത്തില്‍ പണം തിരിച്ചടയക്കാന്‍ സാധിക്കില്ല. തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെടാനും കൂടുതല്‍ സമയം ചോദിക്കാനുമാണ് പ്രതികള്‍ ശ്രമിക്കുന്നത്. കേസന്വേഷിക്കുന്ന പോലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. അതേസമയം തങ്ങള്‍ക്കെതിരെ കേസെടുത്ത വിവരം പോലും പലരും അറിഞ്ഞിട്ടില്ല.
1 കോടിയും 1.5 കോടിയും വായ്പ എടുത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. കുവൈറ്റില്‍ 2 മുതല്‍ 3 ലക്ഷം രൂപ വരെ സാലറി ലഭിച്ചിരുന്നവരാണ് ഇവരില്‍ ഏറെയും. ഈ പ്രതീക്ഷയിലാണ് ലോണെടുത്തത്. എന്നാല്‍ പലതരം സാഹചര്യങ്ങളില്‍ ഈ ജോലി നഷ്ടപ്പെടുകയും പണം അടയ്‌ക്കാന്‍ പറ്റാതെ വരികയുമായിരുന്നു. ബാങ്ക് അധികൃതര്‍ നേരത്തെയും ബന്ധപ്പെട്ടിരുന്നതായി ഇവര്‍ സ്ഥിരീകരിക്കുന്നു.
കുവൈറ്റിലെ ബാങ്കില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് കബളിപ്പിച്ച നഴ്‌സുമാരടങ്ങുന്ന 1425 പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ പാതിയോളം പേര്‍ മലയാളികളാണ്. ഗള്‍ഫ് ബാങ്ക് കുവൈറ്റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേരളത്തില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടികള്‍ ലോണ്‍ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ കണ്ടെത്തി കേസെടുക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ആകെ 10 കേസുകളാണ് ഇത് സംബന്ധിച്ച് പോലീസ് എടുത്തിരിക്കുന്നത്. ഇതില്‍ എട്ട് കേസുകള്‍ എറണാകുളം റൂറല്‍ പരിധിയിലും ഒരെണ്ണം കളമശ്ശേരിയിലും മറ്റൊരെണ്ണം കോട്ടയം കുമരകത്തുമാണ്.
അതേസമയം നഴ്‌സുമാരടങ്ങുന്നവരുടെ ഈ നടപടി മലയാളികളുടെ സല്‍പ്പേരിനെ അന്താരാഷ്‌ട്ര തലത്തില്‍ കളങ്കപ്പെടുത്തിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പതിറ്റാണ്ടുകളായി വിദേശികളായി ജോലി ചെയ്ത് മലയാളി സമൂഹമുണ്ടാക്കിയ സല്‍പ്പേര് കളങ്കപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. പോലീസ് നടപടിയില്‍ പ്രതീക്ഷയെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കൂട്ടത്തോടെ ലോണ്‍ എടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണം. ഇവരെല്ലാം പണം ഉടന്‍ തിരിച്ചടയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍. സുഗമമായി ലോണ്‍ ലഭിക്കുന്നതായിരുന്നു നിലവിലെ സാഹചര്യം, ലോണ്‍ തട്ടിപ്പ് വന്നതോടെ നടപടി ക്രമങ്ങളും ശക്തമാക്കി. ലോണ്‍ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെയാകുമെന്ന് ബാങ്ക് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക