കൊല്‍ക്കത്ത: ബംഗാളില്‍ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19കാരന് വധശിക്ഷ. ഒക്ടോബര്‍ അഞ്ചിന് മഹിഷ്മാരിയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രതി മൊസ്തകിന്‍ സര്‍ദാര്‍ പിടിയിലായി. ഒരു മാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 21 ദിവസത്തിനുള്ളില്‍ വിചാരണയും പൂര്‍ത്തിയായി. സൗത്ത് 24 പര്‍ഗാനാസിലെ പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം ട്യൂഷനു പോയ പെണ്‍കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് അച്ഛനമ്മമാര്‍ പരാതി നല്കിയത്. വീട്ടിലെത്തിക്കാമെന്നും ഐസ് ക്രീം വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ചോദ്യം ചെയ്തതിന് പിന്നാലെ താന്‍ കുറ്റം ചെയ്തെന്ന് സമ്മതിച്ച സര്‍ദാര്‍, പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. ഒക്ടോബര്‍ അഞ്ചിന് കുല്‍ത്താലി പ്രദേശത്തെ കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമായിരുന്നു. സംഭവം മഹിഷ്മാരിയില്‍ വലിയ പ്രതിഷേധത്തിന് വഴിവക്കുകയും പ്രദേശവാസികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഒകിടോബര്‍ 30ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ അഞ്ചിന് വിചാരണ ആരംഭിച്ചു.
ഭാരതീയ ന്യായ് സംഹിതയിലെ പോക്‌സോ വകുപ്പിന് പുറമെ, 65 (ബലാത്സംഗം), 66 (മരണത്തിനോ ഇരയുടെ സ്വാഭാവിക വളര്‍ച്ച തടസപ്പെടുത്തുന്നതിനോ ഉള്ള കാരണമാകല്‍), 103 (കൊലപാതകം) തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് പോക്‌സോ കോടതി അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി സുബ്രത ചത്തോപാധ്യായ ശിക്ഷ വിധിച്ചത്. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി പരാമര്‍ശിച്ചു.
കേസില്‍ വിചാരണയും ശിക്ഷാവിധി പ്രഖ്യാപനവും അതിവേഗം നടന്നതിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: