ദുബായ് : കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്‌ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് പതിപ്പിന് തുടക്കമായി. ഡിസംബർ 6 വെള്ളിയാഴ്ചയാണ് മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്.
മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമിട്ട് കൊണ്ട് അതിഗംഭീരമായ വെടിക്കെട്ട്, ഡ്രോൺ ഷോകൾ, വിസ്മയകരമായ വർണ്ണക്കാഴ്‌ച്ചകൾ, സംഗീതപരിപാടികൾ എന്നിവ അരങ്ങേറി. മുപ്പതാമത് സീസൺ 2025 ജനുവരി 12 വരെ നീണ്ട് നിൽക്കും.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് ഈ മേള സംഘടിപ്പിക്കുന്നത്. മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് ഏറെ പുതുമകളോടെയാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച സീസണായിരിക്കും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് സീസൺ എന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. സന്ദർശകർക്കിടയിൽ ഏറെ പ്രചാരമുള്ള 321 ഫെസ്റ്റിവൽ, മാർക്കറ്റ് ഔട്ട്സൈഡ് ദി ബോക്സ് (MOTB), കാന്റീൻ X, ഡ്രോൺ ഷോ തുടങ്ങിയ ആകർഷണങ്ങൾ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്.
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്ന ഫെസ്റ്റിവലിൽ ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്നു. കൂടാതെ ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവിനോപ്പം അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു.
ചില്ലറവില്പന മേഖലയിലെ ഏറ്റവും വലിയ വിലക്കിഴിവുകൾ, ദിനം തോറും രണ്ട് തവണ വീതമുള്ള സൗജന്യ ഡ്രോൺ ഷോ, റാഫിൾ നറുക്കെടുപ്പുകൾ, ദിനം തോറുമുള്ള അതിഗംഭീരമായ വെടിക്കെട്ട്, പുതുവർഷാഘോഷങ്ങൾ തുടങ്ങിയ അനുഭവങ്ങൾ ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഒരുക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: