Kerala

വയനാട് പുനരധിവാസം; കേന്ദ്രത്തെ പഴിചാരുന്നത് നിർത്തൂ, കൃത്യമായ കണക്ക് വേണം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി

Published by

കൊച്ചി: വയനാട് പുനരധിവാസത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ ശരിയല്ലെന്ന് വിമർശിച്ച കോടതി മാസങ്ങളോളം ഫണ്ട് വൈകിയതെന്തെന്നും ചോദിച്ചു. ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമർശനം. ആരെയാണ് സംസ്ഥാന സർക്കാർ വിഡ്ഢികളാക്കാന്‍ നോക്കുന്നത്. ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

അടിയന്തിര ആവശ്യത്തിന് ഇതില്‍ എത്ര രൂപ ചെലവഴിക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ ഫണ്ടില്‍ വ്യക്തത വരുത്താന്‍ രണ്ട് ദിവസം സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. സാധ്യമായ എല്ലാ സമയവും നല്‍കി, ഇനിയും സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടർന്ന് എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നൽകുകയും ചെയ്തു. 677 കോടി രൂപ ദുരന്തം നേരിടാന്‍ മതിയായ ഫണ്ടല്ലെന്ന് അമികസ് ക്യൂറി കോടതിയിയിൽ മറുപടി നൽകിയപ്പോൾ അത് തങ്ങൾക്ക് ബോധ്യമുണ്ടെന്നും ഹൈക്കോടതിയുടെ മറുപടി നൽകി.

കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ല. തുക പാസ്ബുക്കിലുണ്ടാവും എന്നാൽ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സര്‍ക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

ദുരന്തം ഉണ്ടായ സമയത്ത് എസ്ഡിആര്‍എഫിന്റെ അക്കൗണ്ടിൽ എത്ര ഉണ്ടായിരുന്നു. അതിൽ എത്ര രൂപ ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയും. ദുരന്തം ഉണ്ടായി ഇന്നുവരെ ഇടക്കാല ഫണ്ടായി കേന്ദ്രം എത്ര ഫണ്ട് നൽകിയെന്നും ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരൂപ്പ് സംസ്ഥാന സർക്കാരും അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക