ന്യൂദൽഹി : നിലവിൽ നവോദയ വിദ്യാലയ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ലകളിൽ 28 പുതിയ നവോദയ വിദ്യാലയങ്ങൾ (എൻവി) സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 28 പുതിയ എൻവികൾക്ക് പുറമെ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ (കെവി) തുറക്കുന്നതിനും നിലവിലുള്ള ഒരു കെവി വിപുലീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
പുതിയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ഈ സംരംഭത്തിന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. ഈ വിപുലീകരണം രാജ്യത്തുടനീളമുള്ള ധാരാളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകും. പുതിയ കെവികളിലൂടെ 82,560 വിദ്യാർത്ഥികൾക്കും പുതിയ എൻവികളിലൂടെ 15,680 വിദ്യാർത്ഥികൾക്കും ഈ നീക്കങ്ങൾ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
ഈ സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് മൊത്തം 8,232 കോടി രൂപയും പുതിയ കെവികൾക്കായി 5,872 കോടി രൂപയും എൻവികൾക്കായി 2,360 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ സ്കൂളുകൾ തുറക്കുന്നത് കെവികൾക്ക് 5,388 റെഗുലർ തസ്തികകളും എൻവികൾക്ക് 1,316 തസ്തികകളും ഉൾപ്പെടെ 6,700 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇത് തൊഴിലവസരങ്ങൾക്ക് സംഭാവന നൽകുമെന്നും മന്ത്രി പറഞ്ഞു. പുതിയ കെവികളും എൻവികളും പല സംസ്ഥാനങ്ങളിലായിട്ടാണ് തുടങ്ങുന്നത്. കെവികളുടെ കാര്യത്തിൽ, ആന്ധ്രാപ്രദേശ് എട്ട്, മധ്യപ്രദേശ് 11, ഉത്തർപ്രദേശ് അഞ്ച് എന്നിങ്ങനെ ലഭിക്കും. ദേശീയ വിപുലീകരണ ശ്രമത്തിന്റെ ഭാഗമായി അരുണാചൽ പ്രദേശിന് എട്ട്, ആസാമിന് ആറ്, തെലങ്കാന ഏഴ് എന്നിങ്ങനെയാണ് എൻവികൾക്ക് ലഭിക്കുക.
അതേ സമയം മിക്കവാറും എല്ലാ പുതിയ കെവികളും എൻവികളും ‘പിഎം ശ്രീ’ സ്കൂളുകളായി ഉയർത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ മറ്റ് സ്കൂളുകൾക്ക് മാതൃകയായി പ്രവർത്തിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: