ലഖ്നൗ: അയോദ്ധ്യയിലും സംഭാലിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പും ബംഗ്ലാദേശില്‍ ഇപ്പോഴും സംഭവിക്കുന്നതിന്റെയെല്ലാം ഡിഎന്‍എ ഒന്നാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഒരേ ബാബറിന്റെ കമാന്‍ഡറാണ് അയോദ്ധ്യയിലും സംഭാലിലും ക്ഷേത്രങ്ങള്‍ തകര്‍ത്തത്. ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യാനാണ് മതമൗലിക വാദികള്‍ ശ്രമിക്കുന്നത്. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ ഒരു വിദേശ ശക്തികള്‍ക്കും ഇവിടെ വിജയിക്കാനാകുമായിരുന്നില്ല, യോഗി പറഞ്ഞു. അയോദ്ധ്യ ശ്രീരാമകഥ പാര്‍ക്കില്‍ 43-ാമത് രാമായണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെ പേര് പറഞ്ഞ് സമൂഹത്തെ വിഭജിക്കുന്നവര്‍ക്ക് വിദേശ അക്രമികളുടെ ജീന്‍ തന്നയാണുള്ളത്. ഇത്തരക്കാര്‍ പല രാജ്യങ്ങളിലും സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ അവിടേക്ക് ഓടിപ്പോകും, യോഗി പറഞ്ഞു.
ശ്രീരാമന് മുഴുവന്‍ സമൂഹത്തെയും ഒരുമിപ്പിച്ചു. ആ സംസ്കൃതിയെ ഹിന്ദുസമൂഹം പിന്തുടര്ന്നിരുന്നെങ്കില് സാമൂഹിക വിദ്വേഷം വളര്‍ത്തുന്ന നയം വിജയിക്കില്ലായിരുന്നു. ഈ രാജ്യം ഒരിക്കലും അടിമപ്പെടില്ലായിരുന്നു.
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ അശുദ്ധമാകില്ലായിരുന്നു. വിരലിലെണ്ണാവുന്ന വിദേശികള്‍ക്ക് ഭാരതത്തെ എതിര്‍ക്കാനുള്ള ധൈര്യമുണ്ടാകുമായിരുന്നില്ല. നമുക്ക് ധീരരായ പോരാളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരസ്പര ഐക്യമുണ്ടായിരുന്നില്ല.
ബംഗ്ലാദേശില്‍ എന്താണ് നടക്കുന്നതെന്ന് സംശയമുള്ളവര്‍ അയോദ്ധ്യയിലും സംഭാലിലും ബാബറിന്റെ കൂട്ടാളികള്‍ എന്താണ് ചെയ്തതെന്ന് നോക്കിയാല്‍ മതി, യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: